KeralaNews

താനൂർ ബോട്ട് ദുരന്തം: തുറമുഖവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

മലപ്പുറം: 22 പേരുടെ ജീവന്‍ കവര്‍ന്ന താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട ബോട്ട് യാര്‍ഡില്‍ പണി കഴിപ്പിക്കുമ്പോള്‍ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന വിവരമടക്കം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കിയത്. ക്രമവിരുദ്ധമായിട്ടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിസി 302,337,338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോട്ട് ദുരന്തത്തില്‍ നേരത്തെ ബോട്ടിന്റെ ഉടമയടക്കം അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ കൂട്ടുപ്രതികള്‍ ആക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക്ക ബോട്ട് സര്‍വീസ് നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ ബേപ്പൂര്‍ ആലപ്പുഴ തുറമുഖ ഓഫീസുകളില്‍നിന്ന് നേരത്തെതന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മത്സ്യബന്ധന ബോട്ട് പൊന്നാനിയിലെ അനധികൃത യാര്‍ഡില്‍വെച്ചു രൂപമാറ്റം വരുത്തുന്ന ഘട്ടത്തില്‍ തന്നെ ഇതിനെതിരെ പരാതി ലഭിച്ചിരുന്നു.

അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അനുമതികള്‍ നല്‍കിയെന്നാണ് ബേപ്പൂര്‍ പോര്‍ട്ട് കാന്‍സര്‍വേറ്റര്‍ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തല്‍. പരാതികള്‍ ലഭിച്ച കാര്യം ഒരിടത്തും രേഖപ്പെടുത്തിയില്ല. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യനും വീഴ്ചകള്‍ വരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button