KeralaNews

മാധ്യമവിലക്കല്ല ‘തെറ്റിദ്ധാരണ’ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ, ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയിരുന്നു. കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയവൺ എന്നീ ചാനലുകളെയാണ് വിലക്കിയത്. കഴിഞ്ഞ ദിവസം രാവിലെ മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡർമാരെത്തുന്നുവെന്ന പരാമർശം ഗവർണർ നടത്തിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്നാണ് നാല് മാധ്യമങ്ങളുടെയും പ്രതിനിധികളെ ഒഴിവാക്കിയത്.

ഇക്കാര്യത്തിൽ ഇന്ന് ഗവർണർ വിശദീകരണം നൽകി. വാർത്താ സമ്മേളനത്തിൽ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവർണർ ട്വിറ്ററിൽ കുറിച്ചു.

വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമർശത്തെ കുറിച്ച് ഗവർണർ സംസാരിച്ചിരുന്നു. താൻ കടക്ക് പുറത്തെന്ന് പറയാറില്ലെന്നും ആരാണ് പറയുന്നതെന്നും നിങ്ങൾക്ക് അറിയാമെന്നുമായിരുന്നു ഗവർണറുടെ പരാമർശം. മാധ്യമങ്ങളോട് ബഹുമാനമാണെന്നും ഗവർണർ പറഞ്ഞു.

നേരത്തെ മാധ്യമങ്ങളെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. നിങ്ങളിൽ യഥാർഥ മാധ്യമപ്രവർത്തകർ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. മാധ്യമപ്രവർത്തകരുടെ വേഷം കെട്ടിയ കേഡർമാർക്ക് മറുപടിയില്ലെന്നും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവൻ വഴി അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ച് ചേർത്ത് വിശദീകരണം നൽകിയത്.

നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. ഗവർണറുടെ കസേരയിൽ ഇരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വിലക്ക് പിൻവലിച്ച് എല്ലാവരെയും കാണണമെന്നും സതീശൻ പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെ യു ഡബ്ല്യു ജെ യും വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button