കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരന്‍ മുഹമ്മദ് അഫ്രാനെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്.
പുലര്‍ച്ചെ 7 മണിക്ക് വീടിന് വെറും മുക്കാല്‍ കിലോമീറ്റര്‍ ദൂരെ കണ്ടെത്തിയ അഫ്രാന്‍ ഇപ്പോള്‍ പീഡിയാട്രിക് ഐസിയുവിലാണ്. ഇന്നലെ വൈകുന്നേരം അഫ്രാന്റെ അമ്മ മൂത്ത കുട്ടിയുമായി അടുത്ത പുരയിടത്തിലേക്ക് പോകുമ്ബോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടിയിരുന്നില്ല. അഫ്രാനും മുത്തശ്ശിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരികെ വരുമ്ബോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് പൊലീസിനു നല്‍കിയ മൊഴി.
കുട്ടിയെ കണ്ടെത്തിയ പുരയിടം അവനു പരിചയമുള്ളതാണെന്നും കുട്ടിയുമായി അവിടേക്ക് പോകാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടി ഹൈപ്പര്‍ ആക്ടീവ് ആണെന്നും പൊലീസ് പറയുന്നുണ്ട്. പക്ഷേ രണ്ടര വയസ്സുകാരന്‍ ഒറ്റയ്ക്ക് ആ പുരയിടം കയറിപ്പോവില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.
രാവിലെ 7 മണിക്ക് കുട്ടിയെ കണ്ടെത്തിയ ശേഷം ധരിച്ചിരുന്ന വസ്ത്രമടക്കം പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിലോ വസ്ത്രത്തിലോ പിടിവലിയുടെ ലക്ഷണങ്ങളോ പാടുകളോ ഇല്ല. തട്ടുതട്ടായി ഉയരത്തിലേക്ക് കിടക്കുന്ന ഭൂമിയിലേക്ക് കുട്ടി ഒറ്റയ്ക്കു കയറിപ്പോയതാണെങ്കില്‍ക്കൂടി ശരീരത്തില്‍ പോറലുകള്‍ ഉണ്ടാവേണ്ടതാണ്.
കുട്ടി ഒറ്റയ്ക്ക് നടന്നുകയറിയതിന്റെ ഒരു ലക്ഷണവുമില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ മൂലമാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതാണ്ട് പുലര്‍ച്ചെ വരെ മഴ പെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ വസ്ത്രങ്ങളോ കുട്ടിയോ വല്ലാതെ നനഞ്ഞു കുതിര്‍ന്ന അവസ്ഥയില്‍ ആയിരുന്നില്ല. ശരീരത്തില്‍ ചെറിയ നനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആദ്യം കണ്ടെത്തിയ ടാപ്പിങ് തൊഴിലാളി പറയുന്നു.
കുട്ടി പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസും അഗ്‌നിശമന സേനയും ഉള്‍പ്പെടെ രാത്രി തിരച്ചില്‍ നടത്തിയിട്ടും 300 മീറ്റര്‍ അപ്പുറത്ത് കുട്ടിയുണ്ടെങ്കില്‍ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സംശയം.
മഴയത്ത് രാത്രി മുഴുവന്‍ റബര്‍ തോട്ടത്തില്‍ ആരെയും കാണാതെ ഇരിക്കേണ്ടി വന്നാല്‍ രണ്ടര വയസ്സുകാരന്‍ കരയില്ലേ എന്ന ചോദ്യമാണ് പ്രധാനമായും നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കുട്ടിയെ കാണാതാവുന്നതിന് മുന്‍പ് കരച്ചില്‍ കേട്ടിരുന്നു എന്നതുമായി ചേര്‍ത്തു വായിക്കുമ്ബോള്‍ മറ്റെവിടെ നിന്നെങ്കിലും പിന്നീട് പുരയിടത്തില്‍ കൊണ്ടുവന്നതാവാം എന്നാണ് സംശയം. ടാപ്പിങ് തൊഴിലാളിയായ സുനില്‍ കാണുമ്ബോള്‍ കുട്ടി റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴും കുട്ടി കരഞ്ഞിരുന്നില്ല.
കരച്ചില്‍ കേട്ട് തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. കുട്ടി തനിയേ പോയതാണ് എന്ന വാദം ശരിയാണെങ്കില്‍ കുട്ടി എന്തിനാണ് നിലവിളിച്ചതെന്ന ചോദ്യം ബാക്കിയാവും. വീട്ടില്‍ ഉണ്ടായിരുന്ന മുത്തശ്ശിക്കും കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. നിലവിളി കേട്ടശേഷം ഒരുമിച്ച് തിരച്ചില്‍ ആരംഭിച്ചു. വീടിന്റെ വാതിലും തുറന്നു കിടക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തിയ കുന്നുംപുറത്തെ റബര്‍ തോട്ടത്തിലേക്ക് 15 മിനിറ്റ് എങ്കിലും നടക്കേണ്ട വഴിയുണ്ട്. ഈ സമയത്തിനകം തിരച്ചില്‍ ആരംഭിച്ചിട്ടും നടന്നു പോകേണ്ട വഴിയിലോ പരിസരത്തോ കുട്ടിയെ കണ്ടെത്താനായില്ല. വൈകുന്നേരം 6 മണി ആയിട്ടും ആ സമയത്ത് നല്ല വെളിച്ചം ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.