ഇടുക്കി: പാറത്തോട് ഇരുമലകപ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയി (12) ആണ് മരിച്ചത്. ചിന്നാർ പുഴയുടെ കൈത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ പാറക്കെട്ടിൽ നിന്നും തെന്നി വീണതാകമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം വെള്ളത്തൂവൽ പൊലീസ് നാളെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആൽബർട്ടിനെ കാണാതായത്. ഇതിനു ശേഷം പൊലീസും നാട്ടുകാരും സമീപ പ്രദേശങ്ങളിലും പെരിഞ്ചാംകുട്ടി തേക്ക് പ്ലാൻറേഷനിലും തെരച്ചിൽ നടത്തിയിരുന്നു.
അതേ സമയം, ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിലെ കാണാതായ രണ്ട് വിദ്യാർത്ഥിനികളെയും കണ്ടെത്തി. രാവിലെ കട്ടപ്പനയിൽ വന്നിറങ്ങിയപ്പോഴാണ് പെൺകുട്ടികൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തിയത്. കുട്ടികളെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ മുതലാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്ക്കൂളിൽ ഒൻപതും പത്തും ക്ലാസുകളിൽ പഠിച്ചിരുന്ന രണ്ട് പെൺകുട്ടികളെ കാണാതായത്. ഇവരെ കണ്ടെത്താൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരക്ക് ഏലപ്പാറയിൽ ബസിറങ്ങിയ കുട്ടികൾ അവിടെ നിന്നും കട്ടപ്പനയിലെത്തി തിരുവനന്തപുരം ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. കെഎസ്ആർടിസി ബസിലെ കണ്ടക്ടർ ഇത് ശരി വെക്കുകയും ചെയ്തു.
കുട്ടികളിലൊരാളുടെ വല്യച്ചൻ താമസിക്കുന്നത് ശിവകാശിയിലാണ്. തിരുവനന്തപുരത്ത് എത്തിയ കുട്ടികൾ കയ്യിലുണ്ടായിരുന്ന മൊബൈൽ വിറ്റ പണവുമായി ശിവകാശിയിലേക്ക് ബസ് കയറി. എന്നാൽ വീട്ടിലേക്കുള്ള വഴി കൃത്യമായി അറിയാത്തതിനാൽ തിരികെ പോന്നു. കട്ടപ്പനയിൽ ബസിറങ്ങിയപ്പോൾ സ്റ്റാൻറിലുണ്ടായിരുന്ന കട്ടപ്പന ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വീട്ടിലെ സാഹചര്യമാണ് ഇവർ നാടുവിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളിലൊരാളുടെ തൻറെ സ്വർണ്ണ മാല പണയം വെച്ച് പുതിയ മൊബൈൽ വാങ്ങിയിരുന്നു. ഇത് വീട്ടിൽ ചോദ്യം ചെയ്തു. വിവരം രക്ഷകർത്താക്കൾ സ്കൂൾ അധികൃതരെ അറിയിക്കാനിരിക്കുമ്പോഴാണ് കുട്ടികൾ നാട് വിട്ടത്.