ന്യൂയോര്‍ക്ക്: യു.എസില്‍ കാണാതായ ഇന്ത്യന്‍ വംശജരായ കുടുംബത്തെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. കിഷോര്‍ ദിവാന്‍, ആശാ ദിവാന്‍, ശൈലേഷ് ദിവാന്‍, ഗീതാ ദിവാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയയിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു നാലുപേരും. ഇവര്‍ സഞ്ചരിച്ച കാര്‍ മാര്‍ഷല്‍ കൗണ്ടിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഈ നാലുപേരെയും കാണാനില്ല എന്ന പരാതി പോലീസിന് ലഭിച്ചിരുന്നു.വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള ബഫല്ലോയിൽ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോൾഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. അന്വേഷണത്തില്‍ പെന്‍സില്‍വാനിയയിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റൊറന്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവരുടെ ഏറ്റവും അവസാനമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇവിടെയാണ്.
വെസ്റ്റ് വിര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


