റിയാദ്: യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു (Two died). ഏഴ് പേര്‍ക്ക് പരിക്കേറ്റു (seven injured). രണ്ട് കടകള്‍ക്കും 12 വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ നാശനഷ്‍ടങ്ങളുണ്ടായതായും (Shops and vehicles damaged) സൗദി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്‍ച രാത്രിയായിരുന്നു സംഭവം. ജിസാനിലെ സാംത ഗവര്‍ണറേറ്റിലാണ് ആക്രമണമുണ്ടായത്. ഇവിടെ മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്താണ് ഷെല്‍ പതിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലഫ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദ് അറിയിച്ചു. മരണപ്പെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ യെമനില്‍ നിന്നുള്ള പ്രവാസിയുമാണ്. സൗദി പൗരന്‍ വ്യാപാര സ്ഥാപനത്തിന് സമീപം കാര്‍ പാര്‍ക്ക് ചെയ്‍ത ഉടനെയാണ് ആക്രമുണ്ടായത്. അദ്ദേഹത്തിന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. പരിസരത്തുണ്ടാരുന്ന മറ്റ് 11 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേരില്‍ ആറ് പേരും സ്വദേശികളാണ് മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയാണെന്നും സൗദി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നല്‍കിവരികയാണെന്ന് സൗദി അധികൃതര്‍ അറിയിച്ചു. അന്താരാഷ്‍ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് സൗദി അധികൃതര്‍ ആരോപിച്ചു. വ്യാഴാഴ്‍ച നജ്റാന് നേരെയും ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. ഒരു സ്വദേശിയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.