തീരുമാനമെടുത്തത് താന്‍,വിവാഹമോചനത്തേക്കുറിച്ച് വെളിപ്പെടുത്തലുമായി വൈക്കം വിജയലക്ഷ്മി
കൊച്ചി: വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. അടുത്തിടെ ഗായികയ്ക്ക് കാഴ്ച ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഒരിക്കല്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി ഗായിക എത്തിയിരുന്നു. എന്നിട്ടും ചോദ്യങ്ങള്‍ക്ക് കുറവില്ലെന്നും പൊറുതി മുട്ടിയെന്നും പറയുകയാണ് താരം പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായിക. മിമിക്രി കലാകാരനായ അനൂപ് ആയിരുന്നു വിജയലക്ഷ്മിയുടെ ഭര്‍ത്താവ്. 2018 ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയ്യെടുത്തതെന്നും വിജയലക്ഷ്മി പറയുന്നു. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിജയലക്ഷ്മി പറയുന്നത്.
‘ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.
‘ഞങ്ങള്‍ തന്നെയാണ് പിരിയാന്‍ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്. ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം.ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു.
ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും…’ വിജയലക്ഷ്മി പറയുന്നു. അടുത്തിടെ കാഴ്ച തിരികെ ലഭിക്കുന്നതിനുള്ള ചികിത്സകള്‍ ഫലം കണ്ട് തുടങ്ങിയതായി വിജയലക്ഷ്മിയുടെ കുടുംബം അറിയിച്ചിരുന്നു.
‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം. ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നാണ്’ ഗായികയുടെ കുടുംബം പറഞ്ഞത്. വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വിജയലക്ഷ്മിക്ക് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്ന് എത്തിയിരുന്നു.
ഗായത്രി വീണ തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ മീട്ടി ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കിയ അസാമാന്യ പ്രതിഭ കൂടിയാണ് വിജയലക്ഷ്മി. അകക്കണ്ണില്‍ നിറയെ സംഗീതത്തിന്റെ മന്ത്രധ്വനികള്‍ മാത്രമുള്ളൊരു അപൂര്‍വ ജന്മം എന്നെ ഈ ?ഗായികയെ വിശേഷിപ്പിക്കാനാകൂ. സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.