InternationalNews

ഇസ്രയേലിന് നേരെ ലബനോനിൽ നിന്നും മിസൈൽ ആക്രമണം,ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍

ടെൽഅവീവ്: ഇസ്രയേലിന് നേരെ ലബനോനിൽ നിന്നും മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോൻ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി. നഹർയ്യ പട്ടണത്തോട് ചേർന്ന സ്തൂല എന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. 

ആക്രമണത്തിന് പിറകെ ലബനോൻ അതിർത്തിയിൽ ഇസ്രയേൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും വെടിച്ചിടുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

അതിനിടെ, ഇസ്രയേലിന് നിർദ്ദേശങ്ങളുമായി അമേരിക്ക രം​ഗത്തെത്തി. ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക നിർദ്ദേശിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു.

ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും ജോ ബൈഡന്‍ നെതന്യാഹുവിന് പിന്തുണ അറിയിച്ചു. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിവരം വൈറ്റ് ഹൗസാണ് പ്രസ്താവനയായി പുറത്തുവിട്ടത്. 

യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റുമായും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ, സൈനിക നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഐസൻഹോവർ ഇസ്രയേലിനടുത്തേക്ക് നീക്കാന്‍ തീരുമാനിച്ചു. നേരത്തെ ജെറാൾഡ് ഫോർഡ് എന്ന യുദ്ധകപ്പൽ ഇസ്രയേലിനടുത്ത് നിലയുറപ്പിച്ചിരുന്നു.

അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല റാലികൾ നടന്നു. ആയിരകണക്കിന് പേർ ഇന്ന് വൈറ്റ് ഹൗസിന് മുമ്പിലും റാലി സംഘടിപ്പിച്ചു. ഇതിനിടെ, പ്രസിഡന്റ് ജോ ബൈഡൻ, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസുമായും ഫോണിൽ സംസാരിച്ചു. മാനുഷിക ഇടനാഴിയടക്കമുള്ള ആവശ്യങ്ങൾ അബ്ബാസ് ഉന്നയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button