29.5 C
Kottayam
Sunday, June 2, 2024

വളർന്നത് ഉത്തമസ്വഭാവ ഗുണങ്ങളോടെ,അതിനാൽ അവൾ ഒരു തെറ്റും ചെയ്യില്ല,അവളായിരുന്നു ഞങ്ങളുടെ എല്ലാം,അവള്‍ക്കുവേണ്ടിയാണ് ജീവിച്ചത്’ – മകളുടെ വേര്‍പാട് താങ്ങാനാകാതെ കബീര്‍

Must read

കൊച്ചി:മകളുടെ അപകടമരണത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ. പോലീസ് സംഘം ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിലെ അപകടമരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ കഴിഞ്ഞദിവസം പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു പ്രതികരണം.

എന്റെ മകൾ വിവേകമുള്ള വളരെ ബോൾഡായ വ്യക്തിയായിരുന്നു. അവളുടെ കാര്യങ്ങൾ നോക്കാൻ അവൾക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവൾ വളർന്നത്. അതിനാൽ അവൾ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത്ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ്. അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവൾക്ക് വേണ്ടിയാണ് ഞങ്ങൾ ജീവിച്ചത്’- അബ്ദുൾ കബീർ പറഞ്ഞു.

ആറ്റിങ്ങൽ പാലംകോണം സ്വദേശിയായ അബ്ദുൾ കബീർ-റസീന ദമ്പതിമാരുടെ മകളാണ് മുൻ മിസ് കേരളയായ അൻസി കബീർ. അബ്ദുൾ കബീർ കഴിഞ്ഞ 15 വർഷമായി വിദേശത്താണ്. നിലവിൽ ഖത്തറിലെ സ്വകാര്യ കമ്പനിയിലെ പി.ആർ.ഒ.യാണ്.

അൻസി ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഖത്തറിലേക്ക് പോയത്. എന്നോട് വളരെ അടുപ്പമായിരുന്നു. അവൾ എപ്പോഴും സന്തോഷവതിയായിരുന്നു. കഴിഞ്ഞദിവസം അവളുടെ അപ്പാർട്ട്മെന്റിൽ പോയി സാധനങ്ങളെല്ലാം എടുത്തു. അത് കണ്ടപ്പോൾ ശരിക്കും തളർന്നുപോയി. അവളില്ലാത്തതിന്റെ കുറവ് ഒന്നിനും നികത്താനാവില്ല. മകളുടെ മരണത്തെത്തുടർന്നുണ്ടായ ആഘാതത്തിൽനിന്ന് റസീനയും മോചിതയായിട്ടില്ല- അബ്ദുൾ കബീർ കൂട്ടിച്ചേർത്തു.

ഒരു വസ്ത്രനിർമാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായി രണ്ടാഴ്ചത്തേക്കാണ് അൻസി കബീർ എറണാകുളത്ത് വന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളിൽ വീട്ടിലെത്തുകയും ചെയ്തിരുന്നു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലായിരുന്നു അൻസിയുടെ സ്കൂൾ പഠനം. ശേഷം കഴക്കൂട്ടം മരിയൻ കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. കോളേജ് പഠനകാലത്താണ് 2019-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയിയായതോടെ ഷൂട്ടിങ്ങും മറ്റുമായി അൻസി തിരക്കിലായെന്നും അബ്ദുൾ കബീർ പറഞ്ഞു.

നവംബർ ഒന്നിന് പുലർച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അൻജന ഷാജൻ, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ചത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസി കബീറിന്റെ പിതാവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയത്. മരിച്ച അൻജന ഷാജന്റെ മാതാപിതാക്കളും സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നൽകാൻ ആലോചിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week