KeralaNews

തെറ്റിദ്ധരിപ്പിച്ചുള്ള വിവാഹവാഗ്ദാനം കുറ്റകരം; ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല

കൊച്ചി: തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ഇക്കാര്യത്തില്‍ സ്ത്രീക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button