മിഷേല്‍ ഷാജിയുടെ മരണം: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

കൊച്ചി: സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാര്‍ച്ച് ആറിനാണ് പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തില്‍ കല്ലറയ്ക്ക് മുന്‍പില്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം.

ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട്, അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തില്‍ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വര്‍ഗീസിന്റെ വാദം.

മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ല. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ്‌ഐആറില്‍ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.

ഡോ. ഉമാദത്തനുള്‍പ്പെടെ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോള്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതില്‍ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് എട്ടിന് മിഷേലിന്റെ കല്ലറയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കാന്‍ കുടുംബം തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News