ചോർന്നൊലിക്കുന്ന വന്ദേഭാരതിൽ ദുരിതയാത്ര; പരാതിയുമായി യുവാവ്;പോസ്റ്റ് വൈറൽ

കുതിച്ചൊഴുകി മഴവെള്ളം, നനഞ്ഞൊലിച്ച് യാത്രക്കാർ; വന്ദേഭാരതിലെ ദുരിതയാത്രയിൽ പരാതിയുമായി യുവാവ്

ലക്‌നൗ: രാജ്യത്തിന്റെ പ്രീമിയം ട്രെയിനുകളിലൊന്നായ വന്ദേ ഭാരതിലെ ദുരിതയാത്രയേക്കുറിച്ചുള്ള പരാതിയുമായി യുവാവിന്‍റെ വീഡിയോ. ട്രെയിനിന്‍റെ മേൽക്കൂരയിൽനിന്ന് മഴവെള്ളം കുതിച്ചൊഴുകുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദര്‍ശില്‍ മിശ്ര എന്ന അവസാന വര്‍ഷ ഫിസിക്കല്‍ തെറാപ്പി വിദ്യാര്‍ഥി രംഗത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച വാരണസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സി 7 കോച്ചിലെ യാത്രയ്ക്കിടെയാണ് തീവണ്ടിയുടെ മേല്‍ക്കൂരയില്‍നിന്ന് വലിയതോതിൽ വെള്ളം ഒഴുകിയത്. എട്ടുമണിക്കൂര്‍ നീണ്ട യാത്രയില്‍ തനിക്കും മറ്റ് യാത്രക്കാര്‍ക്കും നനഞ്ഞാണ് യാത്രചെയ്യേണ്ടി വന്നതെന്ന് ദര്‍ശില്‍ മിശ്ര പറയുന്നു.

ട്രെയിനിലുള്ള റെയില്‍വെ ജീവനക്കാരോട് ഇതേപറ്റി പരാതിപ്പെട്ടപ്പോള്‍ ‘അഡ്ജസ്റ്റ് ചെയ്യൂ’ എന്ന മറുപടിയാണ് ലഭിച്ചതെന്നും ദര്‍ശില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. റെയില്‍വേയോട് പരാതിപ്പെട്ടപ്പോൾ കോച്ചിലേക്ക് ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) എത്തിയില്ലെന്നും ദര്‍ശില്‍ മിശ്ര പറഞ്ഞു. തുടർന്നാണ് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘ഇന്ത്യയിലെ ആധുനിക റെയില്‍ യാത്രയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് സുഖവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നു. എന്നാലും, ഇത്തരം സംഭവങ്ങള്‍ അതിന്റെ പ്രശസ്തിയെ തകര്‍ക്കുന്നു. അറ്റകുറ്റപ്പണികളിലെ ഗുരുതരമായ വീഴ്ചയാണ് ഇത് എടുത്തുകാണിക്കുന്നത്’, ദര്‍ശില്‍ മിശ്ര പറഞ്ഞു.

ടിക്കറ്റ് റീഫണ്ടിനായി ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് ദര്‍ശില്‍. സംഭവത്തേക്കുറിച്ച് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News