കൊച്ചി: ആഴ്ചയിലെ ആദ്യ പ്രവർത്തിദിനം പാലരുവി, വേണാട് എക്സ്പ്രസ്സിലെ യാത്ര ഒരു പേടിസ്വപനമായി യാത്രക്കാരെ വേട്ടയാടുകയാണ്.കേരളത്തിന്റെ ഐ ടി ഹബ്ബ് എന്നറിയപ്പെടുന്ന എറണാകുളത്തേയ്ക്ക് .തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. ഏറ്റവും വലിയ ജോലി ദാതാവ് കൂടിയാണ് കൊച്ചി.
തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസ്സിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. യാത്രാക്ലേശം അതിസങ്കീർണ്ണമായി തുടരുമ്പോഴും ജനപ്രതിനിധികളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു.
പാലരുവിയിലെ കോച്ചുവർദ്ധനവ് അല്പം ആശ്വാസം പകർന്നെങ്കിലും ഈ റൂട്ടിലെ പ്രശ്നങ്ങൾക്ക് തെല്ലും പരിഹാരമായില്ല. ഇന്നും തിങ്ങിഞെരങ്ങിയായിരുന്നു യാത്ര. പടിവാതിലിൽ തൂങ്ങി അപകടകരമാം വിധം യാത്ര ചെയ്താലും നിയമപാലകർ ഇവിടെ നിസ്സഹായരാവുകയാണ്.
കായംകുളത്ത് നിന്ന് വന്ദേഭാരത് കടന്നുപോയ ശേഷം ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് അടിയന്തിരമായി മെമുവോ പാസഞ്ചറോ അനുവദിച്ചാൽ താത്കാലിക പരിഹാരമാകുന്നതാണ്. പ്ലാറ്റ് ഫോമും മറ്റു അനുബന്ധ സൗകര്യങ്ങളും കോട്ടയത്തിന് അനുകൂലമാണ്. രാവിലെ 07.45 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ വേണാടിനും പാലരുവിയ്ക്കുമിടയിൽ കോട്ടയത്തിനും എറണാകുളത്തിനുമിടയിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നതാണ്. സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്ന മുറയ്ക്ക് കായംകുളം, കൊല്ലം സർവീസ് ദീർഘിപ്പിക്കുകയും ചെയ്താൽ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കാവുന്നതാണ്.
രാവിലെ കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിലും ഇന്ന് അതികഠിനമായ തിരക്കായിരുന്നു. രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരക്കുമൂലം വേണാടിൽ കയറാൻ കഴിയാതെ ഡോറുകൾ മാറിമാറി ഓടി നടക്കുകയായിരുന്നു സ്ത്രീകളടങ്ങുന്ന യാത്രക്കാർ. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴും ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ കഴിയാതെ പലരും പടി വാതിലിൽ തൂങ്ങി നിൽക്കുകയായിരുന്നു. പലവട്ടം പരാതിപ്പെട്ടിട്ടും യാത്രക്കാരുടെ ജീവന് ,പോലും റെയിൽവേ പുല്ലുവിലയാണ് കല്പിക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.
പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂറിലേറെ വരുന്ന ഇടവേളയാണ് ഈ റൂട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. അതുകൊണ്ട് കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേയ്ക്ക് ഒരു മെമു അല്ലെങ്കിൽ പാസഞ്ചർ സർവീസ് ആരംഭിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ ലെനിൻ കൈലാസ്, സന്തോഷ് പിറവം, മായ, ഷിനു എം എസ്, ലിസമ്മ എന്നിവർ ആവശ്യപ്പെട്ടു.