തിരക്ക് രൂക്ഷം,കൊല്ലം – എറണാകുളം മെമുവിൽ വീണ്ടും ദേഹാസ്വാസ്ഥ്യം, പരിഹാരമില്ലാതെ കോട്ടയത്തുനിന്നുള്ള യാത്രാക്ലേശം തുടരുന്നു

കോട്ടയം :കൊല്ലം – എറണാകുളം മെമുവിൽ വീണ്ടും ദേഹാസ്വാസ്ഥ്യം.കോട്ടയം സ്വദേശിനി സുപ്രിയ ട്രെയിനിലെ അതികഠിനമായ തിരക്കിൽ ഇന്ന് തലച്ചുറ്റി വീണപ്പോൾ കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയുടെ ഭയാനകത വീണ്ടും വെളിപ്പെടുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം പേറുന്ന റെയിൽ യാത്രികർ ഇന്ന് കോട്ടയത്തുനിന്നുള്ളവരാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിനിൽ സീറ്റ് ലഭിക്കുകയെന്നത് അവരുടെ സ്വപ്നങ്ങളിൽ മാത്രം ഇപ്പോൾ ഒതുങ്ങുകയാണ്.

പ്ലാറ്റ് ഫോം നവീകരണം പൂർത്തിയായെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്ത് നിന്ന് ആരംഭിക്കാൻ സാധിച്ചിട്ടില്ല. രാവിലെ 06.25 നുള്ള 66322 കൊല്ലം എറണാകുളം മെമു, 06.43 നുള്ള 16791 പാലരുവി എക്സ്പ്രസ്സ്‌, 07.58 നുള്ള 06169 കൊല്ലം എറണാകുളം സ്പെഷ്യൽ, 08.25 നുള്ള 16302 വേണാട് എക്സ്പ്രസ്സ്‌ എല്ലാം നിറഞ്ഞാണ് കോട്ടയമെത്തുന്നത്. വാതിൽപ്പടിയിൽ തൂങ്ങിയുള്ള യാത്രയാണ് കോട്ടയത്തുനിന്നുള്ളവർക്ക് വർഷങ്ങളായി വിധിച്ചിട്ടുള്ളത്.

പിറവം റോഡ് മുതൽ എറണാകുളം വരെയുള്ള യാത്ര അതീവ സാഹസം നിറഞ്ഞതാണെന്ന് പറയാതിരിക്കാൻ വയ്യ. ടോയ്ലറ്റ് ഇടനാഴിയിലൊക്കെ തിങ്ങി നിറഞ്ഞാണ് കോട്ടയത്ത് നിന്നുള്ള യാത്രക്കാർ എറണാകുളമിറങ്ങുന്നത്. ഓഫീസിൽ എത്തും മുമ്പേ ശാരീരികമായും മാനസികമായും യാത്രക്കാർ തളരുകയാണ്.

എറണാകുളത്തേയ്ക്കുള്ള മെമു സർവീസുകൾക്കായി പൂർത്തീകരിച്ച 1 A പ്ലാറ്റ് ഫോം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും ശക്തമായ പ്രാതിനിധ്യമുള്ള കോട്ടയത്ത് നിന്നുള്ള ദുരിതത്തിന് പരിഹാരം തേടി യാത്രക്കാർ മുട്ടാത്ത വാതികളില്ല. 06169 സ്പെഷ്യൽ മെമുവിന് സ്റ്റോപ്പ്‌ ഇല്ലാത്തതും കോട്ടയം മുതലാണ്. ഒക്ടോബറിൽ ഫ്രാൻസിസ് ജോർജ്ജ് വിളിച്ചുചേർത്ത ജനസദസ്സിലും കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലെ യാത്രക്കാർ നേരിടുന്ന ദുരിതം ധരിപ്പിച്ചിരുന്നു.

07.55 ന് കോട്ടയമെത്തുന്ന കൊല്ലം- എറണാകുളം സ്പെഷ്യൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷമായിരിക്കുന്നത്. ഏറ്റവും തിരക്കേറിയ ഓഫീസ് സമയങ്ങളിൽ വെറും 8 കാർ മെമു സർവീസ് നടത്തുന്നതാണ് യാത്രാക്ലേശം വർധിപ്പിക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു. വളരെ തിരക്കേറെയുള്ള തിങ്കളാഴ്ച ദിവസങ്ങളിലെങ്കിലും 12 കാർ മെമു സർവീസ് നടത്താനുള്ള ശ്രമം ജനപ്രതിനിധികളിൽ നിന്നുണ്ടാകണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു

രാവിലെത്തെ തിരക്കുമൂലം കോട്ടയം സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാതെ മടങ്ങിപോകുന്നവർ നിരവധിയാണ്. പ്രായമായവരെയും കൊച്ചുകുട്ടികളെയും കൊണ്ട് ട്രെയിനിൽ കടന്നുകൂടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേ സമയം ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം സ്റ്റേഷനിൽ നിന്ന് ഒരു ട്രെയിനുള്ള യാത്രക്കാർ ഓരോ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടാവും. ജില്ലയിലെ എല്ലാം റെയിൽ യാത്രാ പ്രശ്നങ്ങൾക്കും പരിഹാരം കോട്ടയത്ത് നിന്ന് രാവിലെ വന്ദേഭാരതിന് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തിപ്പോകുന്ന ഒരു മെമുകൊണ്ട് മാത്രമേ സാധ്യമാകുവെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹി കൂടിയായ ശ്രീജിത്ത് കുമാർ കൂട്ടിച്ചേർത്തു. യാത്രക്കാരുടെ ആവശ്യങ്ങളിൽ പിറ്റ് ലൈനും ദീർഘ ദൂര സർവീസുകളുമൊന്നുമില്ല ഇപ്പോൾ, ആഗ്രഹങ്ങൾ പോലും പരിമിതിപ്പെടുത്തിയ ഏറ്റവും നിരാശരായ ജനതയാണ് കോട്ടയത്ത്‌ നിന്ന് ഇപ്പോൾ പ്രതിദിനം ട്രെയിൻ കയറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News