തലശേരി: ‘ധൈര്യമുണ്ടെങ്കില്‍ അടുത്ത് വാ… ഞാന്‍ നിന്റെ മുഖത്ത് തുപ്പും… നഴ്സുമാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കോവിഡ രോഗികളുടെ ആക്രോശം, ഇവര്‍ക്കെതിരെ കടുത്ത നടപടിയുമായി അധികൃതര്‍. ഈ രോഗികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനാണ് തീരുമാനം.
കോവിഡ് 19 ചികിത്സയില്‍ കഴിയുന്ന രണ്ട് പ്രവാസികളാണ് വാര്‍ഡില്‍ നഴ്സുമാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും രോഗം പടര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്.

പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഇരുവര്‍ക്കും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടര്‍ നോട്ടീസ് നല്‍കി. തലശേരി ജനറല്‍ ആശുപത്രിയില്‍ നോട്ടീസ് എത്തിയെങ്കിലും ഇരുവരും ചികിത്സയിലായതിനാല്‍ നോട്ടീസ് കൈമാറിയിട്ടില്ല. ചികിത്സക്കിടയില്‍ ഇരുവരും നടത്തിയ പ്രകടനം അതിരുവിട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇവരുടെ പ്രതികരണങ്ങള്‍ അതിരു വിട്ടപ്പോള്‍ മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തില്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കേണ്ടി വന്നു. കോവിഡ് ചികിത്സയിലുള്ളവരില്‍ രണ്ട് പേരാണ് ഇത്തരത്തില്‍ തങ്ങളെ ചികിത്സിക്കാനും പരിചരിക്കാനും എത്തുന്നവരോട് അതിരുവിട്ട് പെരുമാറുന്നത്.

വാഷ് ബേസിനും ടോയ്‌ലറ്റും ഉപയോഗിച്ച ശേഷം വെള്ളം ഒഴിക്കാതിരിക്കുക, ഡോക്ടര്‍മാരുടെ വീഡിയോ കോളില്‍ വരാതിരിക്കുക, തുടങ്ങി ചികിത്സ തടസപ്പെടുത്തുന്ന കാര്യങ്ങള്‍ ഇരുവരുടെയും പതിവാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. രോഗികളായതുകൊണ്ട് സഹിക്കുകയാണെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 16 പേരില്‍ ആറുപേരുടെയും രോഗം ഭേദമാക്കിയ തലശേരി ജനറല്‍ ആശുപത്രിയില്‍ ഇവരുടെ പ്രവൃത്തികള്‍ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്.