തിരുവനന്തപുരം: വീട്ടുകാർക്കൊപ്പം ഇറങ്ങുമ്പോൾ തീവണ്ടിയിൽനിന്ന് ട്രാക്കിലേക്കു വീണ അഞ്ചുവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.വർക്കല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി 8.30-ഓടെ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസിൽനിന്നാണ് കുട്ടി വീണത്. ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് നീങ്ങിത്തുടങ്ങിയ തീവണ്ടി പെട്ടെന്ന് നിർത്തിയതിനാലാണ് കുട്ടിയെ രക്ഷിക്കാനായത്.
തിരുവനന്തപുരത്തേക്കു പോകാനായി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് കുട്ടി വർക്കലയിൽനിന്നു തീവണ്ടിയിൽ കയറിയത്.വേണാട് എക്സ്‌പ്രസിലേക്ക് ടിക്കറ്റ് എടുത്ത ഇവർ തീവണ്ടി മാറി ജനശതാബ്ദിയിൽ കയറുകയായിരുന്നു. ഉള്ളിലെത്തിയപ്പോഴാണ് തീവണ്ടി മാറിയെന്നു തിരിച്ചറിഞ്ഞത്. ഉടനെ ഇവർ പ്ലാറ്റ്‌ഫോമിലേക്കു തിരിച്ചിറങ്ങുമ്പോൾ വണ്ടി നീങ്ങിത്തുടങ്ങി. മകൾ സുരക്ഷിതമായി ഇറങ്ങി. എന്നാൽ അമ്മൂമ്മ പ്ലാറ്റ്‌ഫോമിലേക്കും കൊച്ചുമകൾ തീവണ്ടിക്ക് അടിയിലേക്കും വീണു.
എൻജിനു തൊട്ടുപിന്നിലെ ബോഗിയിലാണ് ഇവർ കയറിയത്. അതിനാൽ കുട്ടി വീഴുന്നത് ലോക്കോ പൈലറ്റ് കാണുകയും പെട്ടെന്ന് തീവണ്ടി നിർത്തുകയുമായിരുന്നു.തീവണ്ടിയിലെ യാത്രക്കാർ ഇറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് യാതൊരുവിധ പരിക്കുമേറ്റില്ല.പ്ലാറ്റ്‌ഫോമിൽ വീണ സ്ത്രീയുടെ തലയ്ക്കു പരിക്കേറ്റു. ലോക്കോ പൈലറ്റിന്റെ മനഃസാന്നിധ്യമാണ് കുട്ടി രക്ഷപ്പെടാൻ കാരണമായത്. തുടർന്ന് പോലീസും റെയിൽവേ ജീവനക്കാരും ഇടപെട്ട് മൂവരെയും ജനശതാബ്ദിയിൽ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കി.പരിക്കേറ്റ സ്ത്രീ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടി.