‘ടിസിഎസിൽ പ്രായം കുറഞ്ഞ പെൺകുട്ടികൾ ലൈംഗിക പീഡനത്തിരയായി’: ഗുരുതര കണ്ടെത്തലുമായി വനിതാ കമ്മിഷൻ

മുംബൈ: നാസിക് ടിസിഎസിലെ പീഡന, മതപരിവർത്തന കേസുകളിൽ അറസ്റ്റിലായ 8 പേർക്കായിരുന്നു ഓഫിസിന്റെ പൂർണ നിയന്ത്രണമെന്നും, പ്രായം കുറഞ്ഞവരും ഭീഷണിപ്പെടുത്തിയാൽ പെട്ടെന്നു വഴങ്ങുന്നവരുമായ പെൺകുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്നും ദേശീയ വനിതാ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് നിയമം സ്ഥാപനം പാലിച്ചില്ലെന്നും ആഭ്യന്തര പരാതി പരിഹാര സമിതി നിർജീവമായിരുന്നെന്നും കമ്മിഷൻ കണ്ടെത്തി. ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു സമർപ്പിച്ചു.

ഓഫിസിൽ വനിതാ ജീവനക്കാർ മതപരമായ അപമാനങ്ങൾക്കു വിധേയരായി. പലർക്കും പരാതി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമോ എന്ന ഭയം, നാണക്കേട്, കൃത്യമായ പരിഹാര സംവിധാനങ്ങളുടെ അഭാവം തുടങ്ങിയവ തടസ്സമായി. ഓഫിസിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ഓഫിസിലെ ഭരണസംവിധാനം പൂർണ പരാജയമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കറുടെ നിർദേശപ്രകാരം, ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി സാധന ജാദവ് ഉൾപ്പെട്ട ഉന്നത സമിതിയാണു നേരിട്ടു തെളിവെടുപ്പ് നടത്തിയത്. 50 പേജിലധികം വരുന്ന റിപ്പോർട്ടാണു തയാറാക്കിയത്.

അതിനിടെ, അറസ്റ്റിലായ ടെലികോളർ ജീവനക്കാരി നിദ ഖാനെ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗർഭിണിയായ നിദയെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണു നാസിക് റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും നിർബന്ധിച്ചെന്ന് ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയിൽ ഒളിവിലായിരുന്ന നിദ കഴിഞ്ഞ വ്യാഴാഴ്ചയാണു പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News