കൊച്ചിയിൽ പെൺകുട്ടിയെ കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടിയിൽ

കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍. പുതുവൈപ്പ് സൂര്യ പെട്രോള്‍ പമ്പിനു സമീപം തെക്കെതെരുവില്‍ വീട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന കോട്ടക്കണക്കം പറമ്പില്‍ ബിബിന്‍ (25), സുഹൃത്ത് പുതുവൈപ്പ് മുരിക്കുംപാടം പഴമയില്‍ വീട്ടില്‍ ജീവന്‍ (21) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.

ബിബിന്‍ ആണ് ആദ്യം പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പുതുവൈപ്പ് എല്‍.എന്‍.ജി. ഭാഗത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തായ ജീവന്‍ മറ്റൊരു ഐ.ഡി.യിലൂടെ കുട്ടിയെ പരിചയപ്പെടുകയും ബിബിന്‍ പീഡിപ്പിച്ച വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അതേ സ്ഥലത്തുെവച്ച് പീഡിപ്പിക്കുകയും ചെയ്തു.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍നിന്നു ലഭിച്ച വിവരപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ സ്വന്തം വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജീവന്‍ ഞാറയ്ക്കല്‍, മുളവുകാട് സ്റ്റേഷനുകളില്‍ അതിക്രമ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. മുളവുകാട് എസ്.എച്ച്.ഒ. മന്‍ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുനേഖ് ജെയിംസ്, എ.എസ്.ഐ. ഗോപകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News