KeralaNews

പറവൂരിലെ തമ്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാർ

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് നവ കേരള സദസ്സിൽ മന്ത്രിമാർ. പറവൂരിലെ തമ്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതിൽ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസ്സിൽ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആർ ബിന്ദുവും പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നവ കേരള സദസ്സിനെതിരായ പ്രസ്താവനകളെ മന്ത്രി പി പ്രസാദും വിമർശിച്ചു.തുടർ ഭരണം മാത്രമല്ല തുടർച്ചയായ ഭരണത്തിലേക്കാണ് ഇടതുപക്ഷം പോകുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. പറവൂരിൻ്റെ ഗതികേടാണ് വിഡി സതീശൻ. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇവിടുത്തെ ജനങ്ങൾ ചിന്തിക്കണം.

കേരളത്തിൻ്റെ സ്വത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പിണറായി വിജയനെയാണ് വിഡി സതീശൻ ക്രിമിനൽ എന്ന് വിളിച്ചത്. ഈ സദസ് അശ്ലീല സദസാണോയെന്ന് പറയേണ്ടത് ജനങ്ങളാണ്. പറവൂരിലെ എല്ലാ വിഷയങ്ങളും ഇനി ഇടതു മുന്നണി പരിഹരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് വിളിച്ചു അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി പ്രസാദ് കുറ്റപ്പെടുത്തി.

കുടുംബശ്രീ, ഹരിത കർമ സേന അംഗങ്ങൾ കൊണ്ട് മാത്രം ആണ്‌ സദസ്സ് നിറയുന്നത് എന്നാണ് പറയുന്നത്. ഇവിടെ ആരും എത്തിയത് എന്തെങ്കിലും പ്രേരണ കൊണ്ടല്ല. കുടുംബശ്രീ അംഗങ്ങൾ നാടിന്റെ അഭിമാനമാണ്, നമ്മുടെ സ്വന്തമാണ്. പ്രതിപക്ഷ നേതാക്കളുടെ മാനസിക അവസ്ഥ അങ്ങനെയായത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും മന്ത്രി വിമർശിച്ചു. പറവൂരിൽ വികസനം മുരടിച്ചുവെന്ന് മന്ത്രി ബിന്ദുവും പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button