തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലയ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷനാണ് മാലയിട്ട് സ്വീകരിച്ചത്. മാലയിട്ടുള്ള സ്വീകരണത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി ശിവൻകുട്ടിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പമാണ് താനെന്ന നിലപാടാണ് ശിവൻകുട്ടി പ്രഖ്യാപിച്ചത്.
സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി നേരത്തെ പരാതിക്കാരിയായ നന്ദിതയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്നാണ് യുവതി പറഞ്ഞത്.
എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ചൂണ്ടികാട്ടി. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും നന്ദിത പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടനും അഭിഭാഷകനുമായ ഷൂക്കൂറും നേരത്തെ രംഗത്തെത്തിയിരുന്നു. പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പൻമാരുടെ ഇത്തരം ദുഷ്പ്രവൃത്തികൾക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകുമെന്ന് ഷുക്കൂർ ചൂണ്ടികാട്ടി.
അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം. സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുകയെന്നും അദ്ദേഹം ചോദിച്ചു. ഭയാനകമാണ് കേരളത്തിലെ അവസ്ഥയെന്നും ഇത്തരക്കാരോട് സ്ത്രീകൾ ഒരു തരിമ്പും ദയ കാണിക്കരുതെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.