ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരിലെ കൈക്കൂലിക്കാർക്കെതിരെ മന്ത്രി സജി ചെറിയാൻ. ഇങ്ങനെ വാങ്ങുന്ന പണം ഉപയോഗിക്കാനാകില്ലെന്നും മക്കൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന താലൂക്കുതല അദാലത്തിലാണ് സജി ചെറിയാന്‍റെ വാക്കുകൾ. ന്യായമായ ശമ്പളം നൽകുന്നുണ്ടെന്നും പിന്നെ എന്തിനാണ് കൈക്കൂലി വാങ്ങുന്നതെന്നും ചോദിച്ചുകൊണ്ടാണ് മന്ത്രിയുടെ വാക്കുകൾ.
സർക്കാർ ന്യായമായ ശമ്പളം ജീവനക്കാർക്ക് നൽകുന്നുണ്ട്. പിന്നെ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്നാണ് സജി ചെറിയാന്‍റെ വാക്കുകൾ. ഭൂരിപക്ഷം ആളുകളും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ പൈസയ്ക്കു വേണ്ടി മരിക്കുകയാണ്. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല, അനുഭവിക്കാനാവില്ല, മക്കള്‍ അനുഭവിക്കേണ്ടിവരും. തലമുറ കണ്ണീര്‍ കുടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പറഞ്ഞതുകേട്ട്, നേരത്തെ പണം വാങ്ങിയവർ തിരികെ കൊടുക്കാൻ പോകണ്ട. അതിന് പകരം പരിഹാരമായി കൂടുതൽ ജോലി ചെയ്ത് സേവനം ചെയ്താൽ മതി. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. അല്ലാത്തത് ഒന്നും ഗുണം ചെയ്യില്ല. പൂർവികർക്ക് അതായിരുന്നു ശീലമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മടിയില്‍ കനമില്ലാത്തവൻ ഒരു വിജിലന്‍സിനെയും പേടിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈക്കൂലി കേസിൽ പാലക്കാട് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി സുരേഷിനെക്കുറിച്ചും അദാലത്തിൽ മന്ത്രി സംസാരിച്ചു. ദൈവത്തെ പൂജിക്കുന്നത് പോലെ പണം കൂട്ടി വയ്ക്കുന്നതിന് പകരം കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവനായിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്നും സജി ചെറിയാൻ പറഞ്ഞു.