തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പ്രോ. ചാൻസലറായ തനിക്ക് ശുപാർശ ചെയ്യാൻ അധികാരമുണ്ടെന്ന നിലപാട് ആവർത്തിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ചാൻസലറെ കത്ത് മുഖേന കാര്യങ്ങൾ അറിയിക്കാം. പ്രോ. ചാൻസലറുടെ നിർദേശം സ്വീകരിക്കാനോ നിരാകരിക്കാനോ ചാൻസലർക്ക് അധികാരമുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് പ്രോ. ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്താണ് വിവാദത്തിലായത്. ഇത്തരത്തിൽ ഒരു കത്ത് എഴുതാൻ പ്രോ. ചാൻസലർ എന്ന നിലയിൽ തനിക്ക് അധികാരമില്ലെന്നായിരുന്നു ആക്ഷേപമുയർന്നത്.
പ്രോ. ചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രോ. ചാൻസലർ എന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രസ്താവനയിൽ പറയുന്നു. പ്രോ. ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി വിസി നിയമനത്തിൽ ഇടപെടൽ നടത്തി എന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വിശദീകരണമെന്നും മന്ത്രി വ്യക്തമാക്കുന്നു.
സർവകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോ. ചാൻസലർ എന്ന അധികാരത്തെ സംബന്ധിച്ചോ മനസ്സിലാക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.