തിരുവനന്തപുരം: ഇംഗ്ലീഷിലുള്ള തന്‍റെ പ്രസംഗത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ‘വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകള്‍ വന്നത്. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ മന്ത്രിയുടെ പ്രസംഗമാണ് ട്രോളുകളില്‍ നിറഞ്ഞത്.
പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കണമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്ക് മറുപടി നൽകി.
അതുതന്നെയാണ് എല്ലാ സുഹൃത്തുക്കളോടും പറയാനുള്ളത്. പ്രസംഗത്തിലെ ആ ഭാഗം പൂര്‍ണമായി മന്ത്രി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപി വക്താവ് സന്ദീപ് വചസ്പതി ഉള്‍പ്പെടെ മന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ചൊരിഞ്ഞത്. തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്‍റെ ലക്ഷണമായോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല.
പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറുമെന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും (House) ഹോമും (Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേർന്ന് കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസിലാകുമെന്നും സന്ദീപ് കുറിച്ചു.