കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ സ്വകാര്യ കരിമണൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയെന്ന വിവാദം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ഇതു സംബന്ധിച്ച നിലപാടു വ്യക്തമാക്കിയതാണെന്നും എത്ര ആവർത്തിച്ചു ചോദിച്ചാലും ഇതു തന്നെയാണു പറയാനുള്ളതെന്നും റിയാസ് പറഞ്ഞു. ഇപ്പോഴും സ്വാതന്ത്ര്യം ഇല്ലാത്ത വിഭാഗമാണു മാധ്യമ പ്രവർത്തകർ. ഉടമകളുടെ രാഷ്ട്രീയ താൽപര്യമാണ് അവരെ നയിക്കുന്നത്.
മാസപ്പടി വിവാദത്തിൽ ദൃശ്യമാധ്യമ ചർച്ചകളുടെ പ്രമോ കൊടുക്കുമ്പോൾ തന്റെ ചിരിക്കുന്ന മുഖമാണു നൽകുന്നതെന്നും പേടിച്ച മുഖം നൽകുന്നതായിരിക്കും നല്ലതെന്നും റിയാസ് പറഞ്ഞു. ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ച ജനങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കെട്ടിവച്ച കാശു കിട്ടുമായിരുന്നില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു.
എൽഡിഎഫ് ഇതൊക്കെ കുറെ നേരിട്ടതാണ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തെയും റിയാസ് വിമർശിച്ചു. ‘‘പ്രധാനമന്ത്രി ഇന്ന് ആദ്യമായി ഒരു കാര്യം കേട്ടതുപോലെയാണ് മണിപ്പുർ വിഷയത്തിൽ ഇന്ന് സംസാരിച്ചത്. ഇന്നു ജനിച്ചൊരു കുട്ടിയെപ്പോലെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗം. യഥാർഥത്തിൽ എന്തു വായിക്കണം എന്ന ഒരു പൗരന്റെ അവകാശം ഹനിക്കുന്ന ഒരു നിലപാട് വന്നിരിക്കുകയാണ്.
ലൈബ്രറികളിൽ പുസ്തകങ്ങൾ ഉൾപ്പെടെ ഏതു വേണം എന്നു നിശ്ചയിക്കുന്ന തീരുമാനം വന്നു. ഈ സ്വാതന്ത്ര്യദിനത്തിൽ ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയം ഇതാണ്’’– റിയാസ് പറഞ്ഞു. മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി.
മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിനു ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പറഞ്ഞത്.