KeralaNews

ഇനി അല്‍പ്പം വെറൈറ്റി ആയാലോ? സ്‌കൂട്ടി ഓടിച്ച് പാലം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി പാലം സ്‌കൂട്ടി ഓടിച്ച് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു വ്യത്യസ്തമായ ഉദ്ഘാടനം എന്ന തലക്കെട്ടില്‍ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. എംഎല്‍എ ഷംസീറിനോടൊപ്പമായിരുന്നു മന്ത്രി തലശ്ശേരി എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്തത്.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ‘നമുക്കൊരുവഴിയുണ്ടാക്കാം’ എന്ന ഹാഷ് ടാഗിനൊപ്പമായിരുന്നു മന്ത്രി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് വലിയ സ്വീകരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിയ്ക്കുന്നത്.

അതേസമയം, എടപ്പാള്‍ പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു സര്‍ക്കാര്‍ നടത്തിയ പരിപാടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. ഒരു വലിയ ആള്‍ക്കൂട്ടമായിരുന്നു അന്ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനാല്‍ പൊതുമരാമത്ത് വിജിലന്‍സ് വിംഗ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

കേടുപാടുകള്‍ ഇല്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും നിര്‍മ്മാണം കഴിയുന്നതിനുമുമ്പ് റോഡിലെ ടാറിങ് ഇളകി മാറുന്നു എന്നതുമായിരുന്നു പരാതി. പ്രാദേശിക മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അനാവശ്യ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് അന്വേഷിക്കാന്‍ ഏല്‍പ്പിച്ച പ്രത്യേക ടീമിനോട് മന്ത്രി റിപ്പോര്‍ട്ട് തേടുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും രാപകല്‍ വ്യത്യാസമില്ലാതെ പ്രശംസനീയമായ വിധത്തില്‍ ജോലിചെയ്യുന്നവരാണ്. ചിലയിടങ്ങളില്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ രാത്രി ഉറക്കമൊഴിച്ചിരുന്ന് റോഡ് പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ട്. മന്ത്രി എന്ന നിലയില്‍ അവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്.

എന്നാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെയും വകുപ്പിനെയും മോശമാക്കുന്ന വിധത്തില്‍ ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകളെ തിരുത്തുക എന്നത് പ്രധാന ഉത്തരവാദിത്വമായാണ് വകുപ്പ് കാണുന്നത്. ഓരോ പ്രദേശത്തും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഇതു പോലെ ഒട്ടും വൈകാതെ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button