തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ തിരുവനന്തപുരം ആമയിഴഞ്ചാന്‍തോടിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്കും സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഗുരുതരമായ അനാസ്ഥവരുത്തിയെന്ന് പറഞ്ഞ മന്ത്രി, പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും കുറ്റപ്പെടുത്തി
‘ഇതുപോലെ ഒരു ദുരന്തത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത്രമാത്രം വ്യഗ്രതകാണിക്കുന്ന പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍പാടില്ലാത്തതുമാണ്. ഇല്ലാത്ത ഉത്തരവാദിത്വംകൂടി സര്‍ക്കാരിന്റെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. തിരിച്ചില്‍ നടത്തിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞു. നാട് മുഴുവന്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. അത് കഴിഞ്ഞിട്ട് വിമര്‍ശനം നടത്താനുള്ള വിവേകമെങ്കിലും അദ്ദേഹം കാത്തിരിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഈ നിമിഷംവരെ അതിന് മറുപടി നല്‍കാതിരുന്നത് അതിനുള്ള സമയമതല്ലാത്തതുകൊണ്ടാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍നിന്ന് കിട്ടാന്‍പോകുന്ന രാഷ്ട്രീയ ലാഭത്തേക്കുറിച്ച് സന്തോഷംപൂണ്ട് ചാടിവീഴുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ഇത്തരക്കാര്‍ ആലോചിക്കണം. മത്സരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പലരും’, രാജേഷ് പറഞ്ഞു.
മാലിന്യ സംസ്‌കരണം ആരുടെയെങ്കിലും പ്രത്യേക ഉത്തരവാദിത്വമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. ഓരോ വ്യക്തിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. മാലിന്യം ശൂന്യാകാശത്തുനിന്ന് വന്നതല്ല. ആ നിലയ്ക്ക് ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷനോ സര്‍ക്കാരിനോ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ല. ഒരുതവണ ചെയ്തപ്പോള്‍ റെയില്‍വേ നിലപാട് കര്‍ക്കശമാക്കി. പിന്നീട് ചെയ്യുന്നത് തടയാന്‍ റെയില്‍വേ ആക്ട് ഉപയോഗിച്ചു. മാലിന്യസംസ്‌കരണം ഉള്‍പ്പടെ റെയില്‍വേ ഭൂമിയില്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നാണ് പറയുന്നത്. ആ ആക്ട് ഉപയോഗിച്ചാണ് കോര്‍പ്പറേഷനേയും മറ്റും തടഞ്ഞിട്ടുള്ളത്. ആ സാഹചര്യത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നത് റെയില്‍വേ അവരുടെ ഉത്തരവാദിത്വം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് റെയില്‍വേതന്നെ സമ്മതിച്ചിട്ടുണ്ട്. അതിന്റെ സര്‍ക്കുലര്‍ കൈയിലുണ്ട്.
കുറ്റപ്പെടുത്താനുള്ള വ്യഗ്രതയില്‍ വസ്തുതകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇതിനായി യോഗം ചേരേണ്ടെ എന്നൊക്കെ പറഞ്ഞത്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നത് റെയില്‍വേ പിന്തുണ തേടി 2024 ജനുവരി 31-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന്‍ മറുപടി നല്‍കിയില്ല. പാലക്കാട് ഡിവിഷന്‍ ഒരുമാസം കഴിഞ്ഞ് മറുപടി നല്‍കി.
അതിനുശേഷം ഏപ്രില്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ട് ഡിവിഷണല്‍ മാനേജര്‍മാരേയും യോഗത്തിന് വിളിച്ചു. രണ്ട് പേരും പങ്കെടുത്തില്ല. പകരം രണ്ട് ജൂനിയര്‍ ഉദ്യോഗസ്ഥരെ അയച്ചു. റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട 20 കാര്യങ്ങള്‍ ആ യോഗത്തില്‍ നിശ്ചയിച്ചുകൊടുത്തു അത് നടപ്പിലാക്കിയില്ലെന്നും മന്ത്രി പറഞ്ഞു.
വന്‍കിട മാലിന്യ ഉത്പാദകരുടെ കൂട്ടത്തിലാണ് റെയില്‍വേ എന്നാണ് ഹൈക്കോടതി അടുത്തിടെ പറഞ്ഞത്. റെയില്‍വേ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതായതോടെയാണ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. അതോടെയാണ് റെയില്‍വേ നടപടിയിലേക്ക് കടന്നത്. രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ഈ സമീപനത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
ഇനിയും നടപടികളുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് പ്രതിപക്ഷവും മുന്‍ കേന്ദ്ര മന്ത്രിമാരും സംസ്ഥാന സര്‍ക്കാരിനെ ആക്ഷേപിക്കുന്നത്. സര്‍ക്കാര്‍ ശരിയായ ദിശയിലായിരുന്നുവെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.