പാലക്കാട്: കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയമുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവത്തിൽ ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേര് പരാമർശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസ്‌ന്ദേശമാണ് ഇന്ന് രാവിലെ മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്‌പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
‘തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആരോപണമാണ് ഇത്. തോമസിനെ മോശക്കാരനാക്കാനാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കിൽ എന്തുകൊണ്ട് കുഴൽനാടൻ അത് സഭയിൽ ഉന്നയിച്ചിരുന്നില്ല. ഇത് ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണ്. മാത്യു കുഴൽനാടനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഭാത് എന്റെ സ്റ്റാഫംഗം ആയിരുന്നില്ല. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടു. കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞ് പുറത്തുപോയി. ഇത്തരം കാര്യങ്ങളിൽ എനിക്ക് ഭയമില്ല. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്’- കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
അതേസമയം, മാത്യു കുഴൽനാടന്റെ അടിസ്ഥാനരഹതിമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് തിരുവല്ല മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മാത്യു ടി തോമസ് പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ വെെകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് മുൻ മന്ത്രി മാത്യു ടി. തോമസ് തടഞ്ഞുവെന്നും ഡാം മാനേജ്‌മെന്റിൽ ക്രമക്കേട് നടന്നുവെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ വിശദീകരണം.
English Summary
Minister K. Krishnankutty has dismissed the allegations made by UDF candidate Mathew Kuzhalnadan regarding the 2018 Kerala floods, calling the released audio clip “fake.” The minister stated that the voice in the recording is not his and expressed suspicion that it might be AI-generated. Krishnankutty announced that he would initiate legal action today against the spread of misinformation. Earlier, Kuzhalnadan had released the audio, alleging that former minister Mathew T. Thomas had intervened to keep the Thottappally spillway closed to benefit the mineral sand mining lobby, leading to mismanagement during the floods.


