തിരുവനന്തപുരം: കോളജുകളില്‍ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. കോളജുകള്‍ അടയ്ക്കുന്നതില്‍ തീരുമാനം ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ കൊവിഡ് വ്യാപനം പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കേരള സര്‍വകലാശാല വി സിയെ ഗവര്‍ണര്‍ പരിഹസിച്ചത് ശരിയായില്ലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. സമ്മര്‍ദമനുഭവിച്ച് എഴുതിയ കത്തിന്റെ പേരില്‍ പരിഹസിച്ചത് ശരിയായില്ല. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അക്കാദമിക് രംഗത്തെ പ്രഗത്ഭനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചിരുന്നു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സര്‍വശാലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സിന്‍ഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.