ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റത്തിനും സ്വകാര്യതാലംഘനത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വനിതാ ശിശുക്ഷേമ-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. താൻ മന്ത്രി പദവിയിലിരുന്നിട്ടുപോലും തന്റെ ശരീരത്തിന്റെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നാണ് ബിന്ദു കൃഷ്ണ വ്യക്തമാക്കിയത്. കൊല്ലത്തെ ഒരു സ്‌കൂളില്‍ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സങ്കടകരമായ ഈ അനുഭവമുണ്ടായതെന്നും അവര്‍ പറഞ്ഞു. സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം മോശം പ്രവണതകൾ അവസാനിപ്പിക്കാൻ കർശനമായ ഇടപെടലുകൾ അനിവാര്യമാണെന്ന് വ്യക്തമാക്കാനാണ് അവർ ഈ അനുഭവം പങ്കുവെച്ചത്.
തന്റെ മുഖം പൂര്‍ണ്ണമായും ഒഴിവാക്കി ശരീരഭാഗങ്ങളുടെ മാത്രം ചിത്രങ്ങള്‍ ദൃശ്യങ്ങളിൽ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അവർ തുറന്നുപറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ചിലര്‍ ഇടപെട്ട് ആ ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും, അതിനോടകം മറ്റുചിലര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതുരംഗത്ത് നിൽക്കുന്ന, ഒരു മന്ത്രിയായ തനിക്ക് നേരിടേണ്ടി വന്ന അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം ദാരുണമായിരിക്കുമെന്നും ബിന്ദു കൃഷ്ണ ചോദ്യമുയര്‍ത്തി. എന്നാല്‍ ഏത് സ്‌കൂളില്‍ വെച്ചാണ് സംഭവമെന്നോ ആരാണ് ഇതിന് പിന്നിലെന്നോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് അവർ വ്യക്തമാക്കി. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ‘സീറോ ടോളറന്‍സ്’ നയമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് അവർ ഓർമ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി ‘സേഫ് വുമണ്‍, സേഫ് ഫാമിലി’ നയം കൂടുതൽ ഊർജ്ജിതമായി നടപ്പിലാക്കും. സംസ്ഥാനത്തെ ഒറ്റപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും അവര്‍ ഉറപ്പുനല്‍കി.
കോറോ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളില്‍ നിലവിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളെക്കുറിച്ചും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ പുതിയ തൊഴില്‍ കോഡുകള്‍ ദുരുപയോഗം ചെയ്താണ് പല കോർപ്പറേറ്റ് കമ്പനികളും തൊഴിലാളികളെ കൂട്ടത്തോടെ പുറത്താക്കുന്നത്. തൊഴില്‍ വകുപ്പ് വലിയ പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ‘ഓഫീസ് വെൽനെസ് പോളിസി’ രൂപീകരിക്കുമെന്നും, മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്ത് ഇത് ഉടൻ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. കൂടാതെ, ഗിഗ് വര്‍ക്കര്‍മാര്‍ക്കായി പ്രത്യേക ആക്ട് കൊണ്ടുവരുമെന്നും അവര്‍ക്ക് വിശ്രമമുറികളും ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ വൈകുന്നുവെന്ന രീതിയിൽ ഉയരുന്ന ആക്ഷേപങ്ങളില്‍ യാതൊരു കാര്യവുമില്ലെന്നും എല്ലാ ഔദ്യോഗിക കാര്യങ്ങളും കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാകുമെന്നും അവർ പറഞ്ഞു. യു.ഡി.എഫ് മന്ത്രിസഭ രൂപീകരണ വേളയിൽ പാര്‍ട്ടിയോട് പ്രത്യേകമായി ഒരു വകുപ്പും താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും, ആദ്യമായി എം.എൽ.എയായ തന്റെ പ്രവർത്തനങ്ങൾ മുൻനിർത്തി മന്ത്രിസ്ഥാനം തേടിയെത്തിയത് വലിയ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേർത്തു. കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും പാർട്ടി പുനസംഘടനയില്‍ സ്ത്രീകൾക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് താൻ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
English Summary
Minister for Women and Child Development Bindu Krishna made serious allegations against online media outlets for privacy violations and inappropriate behavior. She revealed an incident at a school in Kollam where, despite her ministerial stature, portions of her body were focused upon and captured to circulate on social media, skipping her face entirely. Speaking on broader issues, she emphasized the UDF government’s ‘Zero Tolerance’ policy on atrocities against women, introducing the ‘Safe Woman, Safe Family’ policy. She also addressed corporate layoffs in companies like Corro Health, advocated for an ‘Office Wellness Policy’, and discussed KPCC reorganization after meeting K.C. Venugopal.


