കൊച്ചി: കാട്ടാന ആക്രമണത്തിൽ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനപാലകരുടെ ശ്രദ്ധ ബേലൂർ മാഗ്ന ദൗത്യത്തിലായിരുന്നെന്നും വാച്ചർ പോളിന്റെ മരണം ദൗർഭാഗ്യകരമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. മരിച്ച പോളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോൾ ഇന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടനയുടെ ആക്രമണത്തിൽ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
ഒരു മണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.