ന്യൂഡല്‍ഹി: ക്ലബ് ഹൗസിലെ ദശലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ നമ്പറല്ലാതെ മറ്റ് സ്വകാര്യ വിവരങ്ങളൊന്നും ഓഡിയോ ചാറ്റ് ആപ്പ് ആയ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമില്ല.
പ്രമുഖ സൈബര്‍ സെക്യൂരിറ്റി എകസ്പേര്‍ട്ട് ആയ ജിതിന്‍ ജെയ്നാണ് ക്ലബ് ഹൗസ് ഉപയോക്താക്കളുടെ നമ്പര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കുള്ള കാര്യം ട്വീറ്റ് ചെയ്തത്. ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളുടെ ഒരു ഡാറ്റാബേസ് ഡാര്‍ക്ക് നെറ്റില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്നു എന്നാണ് ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. ഉപയോക്താവിന്റെ ഫോണ്‍ബുക്കുകളിലെ ആളുകളുടെ നമ്പറും വില്‍പ്പനയ്ക്കുള്ള നമ്പറുകളില്‍ പെടുന്നുണ്ട്. ക്ലബ് ഹൗസില്‍ ഇല്ലെങ്കില്‍ പോലും നമ്പര്‍ ചോരാന്‍ സാധ്യതയുണ്ട്.
പേരുകളില്ലാത, ഫോണ്‍നമ്പര്‍ മാത്രമാണ് ഹാക്കര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് എന്നാണ് സ്വതന്ത്ര സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജാരിയ പറയുന്നത്. ആന്‍ഡ്രോയിഡില്‍ കൂടി അവതരിപ്പിച്ചതോടെ 10 ദശലക്ഷം ഉപയോക്താക്കളെ കൂടി പുതുതായി ലഭിച്ചെന്ന് കമ്പനി പറഞ്ഞു. ഇടയ്ക്കാലത്ത് ഏറെ പ്രചാരം ലഭിച്ച ആപ്പാണ് ക്ലബ് ഹൗസ്.