കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത പാല്‍ പിടികൂടിയതില്‍ ക്ഷീരവികസന വകുപ്പിന് തിരിച്ചടിയായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ ലാബിലെ പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പോലീസ് സ്‌റ്റേഷനിലാണുള്ളത്.
ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത് ആറുമണിക്കൂറിനുള്ളില്‍ പാല്‍ പരിശോധിച്ചെങ്കില്‍ മാത്രമേ അതിന്റെ സാന്നിധ്യം കണ്ടെത്താനാവുകയുള്ളൂ. ഇക്കാര്യം നേരത്തെ ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.20-നാണ് മായം കലര്‍ന്ന പാല്‍ ആര്യാങ്കാവില്‍വെച്ച് പിടികൂടിയത്. ആ സമയത്ത് ക്ഷീരവികസനവകുപ്പ് നടത്തിയ പരിശോധനയിലാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍, ഇത് നിയമപരമായി നിലനില്‍ക്കണമെങ്കില്‍ ചീഫ് അനലിറ്റിക്കല്‍ ലാബിലെ റിപ്പോര്‍ട്ട് ആവശ്യമാണ്.
പാല്‍ പിടിച്ചെടുത്തതിന് പിന്നാലെ രാവിലെ ആര്യങ്കാവില്‍ ടെസ്റ്റ് നടത്തി ഫലം കിട്ടിയപ്പോള്‍ തന്നെ ക്ഷീരവികസന വകുപ്പ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെന്ന് ക്ഷീരവികസനവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി മാധ്യമങ്ങളോടു പ്രതികരിച്ചു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഒന്‍പതരയ്ക്ക് എത്തിയിരുന്നു. അവര്‍ പാല്‍ പരിശോധനയ്ക്ക് ശേഖരിച്ച് തിരുവനന്തപുരത്തെ ലാബില്‍ എത്തിച്ചു. അവര്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്ന് ഇന്നലെ അറിയാന്‍ സാധിച്ചു. ഇതിന് മറുപടി പറയേണ്ടതും ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കേണ്ടതും ഫുഡ് സേഫ്റ്റി വിഭാഗമാണ്. വിഷയത്തില്‍ തീരുമാനം എടുക്കാനോ ശിക്ഷ കൊടുക്കാനോ ക്ഷീരവികസന വകുപ്പിന് കഴിയില്ല. അത് ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെ ഫുഡ് സേഫ്റ്റി വിഭാഗമാണ്, ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.
മൂന്നാമത്തെ പരിശോധനയിലാണ് പാലില്‍ മായം ചേര്‍ത്തതായി ക്ഷീരവികസന വകുപ്പ് കണ്ടെത്തിയത്. അതിന്റെ ഫലം തങ്ങളുടെ കയ്യിലുണ്ട്. വിഷയം ഫുഡ്‌സേഫ്റ്റി അധികൃതര്‍ക്ക് കൈമാറുക എന്ന ഉത്തരവാദിത്വം മാത്രമേ ക്ഷീരവികസന വകുപ്പിനുള്ളൂ. അതിനാല്‍ അപ്പോള്‍ തന്നെ അവരെ വിവരം അറിയിക്കുകയും വിഷയം കൈമാറുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.