പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി;പ്രസിഡന്റിനെ പുറത്താക്കി

പ്രസിഡന്റിനെ പുറത്താക്കി, പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി

പോർട്ടോ നോവോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചു. ഞായറാഴ്ച ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് മിലിട്ടറി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ(സിഎംആർ) എന്ന പേരിലുള്ള സൈനികോദ്യോഗസ്ഥരുടെ സംഘം അട്ടിമറിവിവരം രാജ്യത്തെ അറിയിച്ചത്.

ഭരണഘടന റദ്ദാക്കിയതായും എല്ലാ കര-വ്യോമാതിർത്തികളും അടച്ചതായും സൈന്യം അറിയിച്ചു. ഭരണസിരാകേന്ദ്രവും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന കൊടോനൗവിൽനിന്ന് വെടിയൊച്ചകൾ കേട്ടതായി ബെനിനിലെ ഫ്രഞ്ച് സ്ഥാനപതികാര്യാലയം പറഞ്ഞു.

അതേസമയം പ്രസിഡന്റ് സുരക്ഷിതനാണെന്നും പട്ടാളത്തിലെ ചെറിയ വിഭാഗം വരുന്ന വിമതഗ്രൂപ്പാണ് ടിവിയിൽ പ്രത്യക്ഷപ്പെട്ടതെന്നും അവർക്ക് സൈന്യത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നും പ്രസിഡന്റിന്റെ അനുയായികൾ അറിയിച്ചു. അട്ടിമറിശ്രമം പരാജയപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി അലസ്സെയൻ സെയ്ദൗ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭൂരിപക്ഷം സൈനികരും സർക്കാരിനോട് കൂറുള്ളവരാണെന്നും വിദേശകാര്യമന്ത്രി ഷെഗുൻ അബ്ജാദി ബകാരി റോയിറ്റേഴ്‌സിനോടു പറഞ്ഞു.

പ്രസിഡന്റ് എവിടെയാണുള്ളതെന്ന കാര്യം വ്യക്തമല്ല. കൊടോണുവിലെ തെരുവകളെല്ലാം സൈന്യം ഏറ്റെടുത്തെന്നാണ് റിപ്പോർട്ടുകൾ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താരതമ്യേന സുസ്ഥിരമായ ജനാധിപത്യമുള്ള രാജ്യമാണ് നൈജറുമായും ബർക്കിനാ ഫാസോയുമായും അതിർത്തി പങ്കിടുന്ന ബെനിൻ. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരുമാണ്. 10 വർഷമായി അധികാരത്തിലിരിക്കുന്ന 67-കാരനായ ടാലോണിന്റെ കാലാവധി ഏപ്രിലിൽ തീരാനിരിക്കുകയാണ്.

പട്ടിണി, ദാരിദ്ര്യം, ഭീകരസംഘങ്ങളുടെ പിടിമുറുക്കൽ എന്നിവയാൽ ഏറെ അസ്ഥിരമായ രാഷ്ട്രീയസാഹചര്യമുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പട്ടാളഅട്ടിമറികൾ തുടർക്കഥയാണ്. അഞ്ചുവർഷത്തിനിടെ ഏതാണ്ട് പത്തോളം അട്ടിമറികളാണുണ്ടായത്.

1. 2020 ഓഗസ്റ്റ്: മലി- പട്ടാളത്തിലെ അഞ്ച് കേണൽമാർ ചേർന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബക്കാർ കെയ്ത്തയെ പുറത്താക്കി

2. 2021 സെപ്റ്റംബർ: ഗിനിയ- ലഫ് കേണൽ മമാദി ഡൗംബൗയ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി

3. 2021 ഒക്ടോബർ 25: സുഡാൻ-ഏകാധിപതി ഒമർ അൽ ബാഷിറിനെ പുറത്താക്കി സേനാമേധാവി അബ്ദേൽ ഫത്താ അൽ ബുർഹാന്റെ നേതൃത്വത്തിൽ അട്ടിമറി. 2023 ഏപ്രിൽ 15-ന് ബുർഹാനും അർധസൈന്യമായ ആർഎസ്എഫ് മേധാവി ഡഗാളോയും തമ്മിലുള്ള അധികാരവടംവലിയെത്തുടർന്ന് രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് രാജ്യം വീണു

4. 2022 ജനുവരി: ബർക്കിനാ ഫാസോ-ലഫ് കോൺ പോൾ ഹെൻ‍റി സൻഡാവോഹോ ഡമിബ പ്രസിഡന്റ് റോഷ് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ പുറത്താക്കി. ഇയാളെ പിന്നീട് സൈന്യത്തിലെ മറ്റൊരു വിഭാഗം പുറത്താക്കി

5. 2023 ജൂലായ്: നൈജർ-പ്രസിഡന്റിന്റെ സുരക്ഷാച്ചുമതലയുള്ള പ്രസിഡൻഷ്യൽ ഗാർഡ്‌സ് പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി

6. 2023 ഓഗസ്റ്റ്: ഗാബോൺ-55 വർഷമായി പ്രബലരായ ബോംഗോ കൂടുംബം ഭരിച്ച രാജ്യം. തിരഞ്ഞെടുപ്പ് വിജയിച്ച് ഒരുമണിക്കൂറിനകം പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയെ പട്ടാളം പുറത്താക്കി

7. 2025 ഒക്ടോബർ: മഡഗാസ്കർ-പ്രസിഡന്റ് ആൻഡ്രി രജോലിനയെ പട്ടാളം പുറത്താക്കി. ഭരണകൂടത്തിനെതിരേ നടന്ന ജെൻ സീ പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു ഇത്.

8. 2025 നവംബർ: ഗിനിയ ബസൗ

ഒരുവിഭാഗം സൈനികർ പ്രസിഡന്റ് എംബാലോയെ തടവിലാക്കി അധികാരമേറ്റെടുത്തെന്ന് ദേശീയ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News