വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് 2019ൽ കുടിയേറ്റക്കാര്‍ക്കെതിരെ അവതരിപ്പിച്ച വിസ നിഷേധിക്കല്‍ ഉത്തരവ് റദ്ദാക്കി ജോ ബൈഡന്‍. കുടിയേറ്റക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നേടാനോ ആരോഗ്യ പരിരക്ഷയ്‌ക്കായി പണം നൽകാനോ കഴിയുമെന്ന് തെളിയിക്കാത്ത പക്ഷം വിസ നിഷേധിക്കുമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. ട്രംപിന്‍റെ പ്രഖ്യാപനം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
അഭയാർഥികളും യുഎസ് പൗരന്മാരുടെ കുട്ടികളുമൊഴികെയുള്ള വിസ അപേക്ഷകർ അമേരിക്കയിൽ പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ മെഡിക്കൽ ചെലവുകൾ വഹിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുകയോ ആരോഗ്യ ഇൻഷുറൻസ് എടുക്കുകയോ ചെയ്യണമെന്നായിരുന്നു 2019ലെ ട്രംപിന്‍റെ പ്രഖ്യാപനം.
ഗുണനിലവാരമുള്ളതും എല്ലാവർക്കും താങ്ങാൻ കഴിയുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ തന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തേക്ക് നിയമപരമായി കുടിയേറാൻ ആഗ്രഹിക്കുന്ന കാര്യമായ സാമ്പത്തികമില്ലാത്ത അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വാങ്ങാൻ കഴിയാത്തവരുടെ പ്രവേശനം നിഷേധിക്കാതെ തന്നെ ആ ലക്ഷ്യം നേടാനാവും.
<P>ട്രംപിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി വികസിപ്പിച്ചെടുത്ത ചട്ടങ്ങൾ, ഉത്തരവുകൾ, മാർഗനിർദേശ രേഖകൾ, നയങ്ങൾ, ഏജൻസി നടപടികൾ എന്നിവ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്യും. പുതിയ നയത്തിന് അനുസൃതമായി നിര്‍ദേശങ്ങള്‍ പുതുക്കുമെന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞു.