കൊച്ചി:ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അകപ്പെട്ട് പോയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു. ഒഡീഷയിൽ നിന്നുമുള്ള തൊഴിലാളികളുടെ സംഘമാണ് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും നാട്ടിലേയ്ക്ക് എത്തിക്കാൻ റെയിൽവേ പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട് പോയ അതിഥി തൊഴിലാളികളെ വഹിച്ച് കൊണ്ടുള്ള ആദ്യ ട്രെയിനാണ് ആലുവയിൽ നിന്നും പുറപ്പെട്ടത്. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് തന്നെ 24 ബോഗികളുണ്ടായിരുന്ന പ്രത്യേക ട്രെയിനിൽ 1140 പേരായിരുന്നു യാത്രക്കാർ. ഒഡീഷയിൽ നിന്നുമുള്ളവരെയാണ് പ്രാഥമിക ഘട്ടത്തിൽ തിരികെ അയച്ചത്. സ്ത്രീകളും കുട്ടികളുകളുമായിരുന്നു യാത്രക്കാരിൽ ഏറെയും. നാട്ടിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തവരാണ് ഇവർ. ഇവർക്ക് വേണ്ട വെള്ളവും ഭക്ഷണവും മന്ത്രി സുനിൽ കുമാർ കൈമാറി.ഒഡീഷയിലെ ബുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ആലുവയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ മറ്റ ്‌സ്റ്റേഷനുകളിൽ നിർത്തില്ല. 34 മണിക്കൂറാണ് യാത്ര സമയം. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥങ്ങളിലേക്കും പ്രത്യേക ട്രെയിൻ പുറപ്പെടുന്നുണ്ട്.