തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന്‍ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലര്‍ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവര്‍ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടര്‍ന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രന്‍ പോയത്.
അവിടെ വെച്ച് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ അവിടുന്ന് ലഭിച്ച മരുന്നുമായി ചന്ദ്രന്‍ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മര്‍ദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.