ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുമെന്ന് ശാസ്ത്ര ലോകം. പ്രകൃതിയില്‍ പക്ഷികളിലും മറ്റും പാര്‍ഥെനോജെനിസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍, ഇതാദ്യമായാണ് പരീക്ഷണശാലയില്‍ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പിതാവില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈന. ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന അറിയിക്കുന്നു. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുകയായിരുന്നു ശാസ്ത്രഞ്ജര്‍മാര്‍. ഇതില്‍ ഇവര്‍ വിജയം കൈവരിച്ചു.
ചൈനയിലെ ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജനായ യാന്‍ചെങ് വെയും സഹപ്രവര്‍ത്തകരുമാണ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. ആണ്‍ ജനിതക ഡിഎന്‍എയുടെ സഹായമില്ലാതെ തന്നെ കന്യാ ജനനം സാധ്യമാക്കി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡി.എന്‍.എയില്‍ തിരുത്തല്‍ വരുത്തി ജനിതക സജീവതയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് സാധ്യമായതെന്ന് ഇവര്‍ പറയുന്നു.
ഡെവലപ്മെന്റല്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പരീക്ഷണത്തെ കുറിച്ച് ശാസ്ത്രഞ്ജര്‍ പറയുന്നതിങ്ങനെ: ‘ഒന്നിച്ച്, ഒന്നിലധികം ജനിതക നിയന്ത്രണ മേഖലകളുടെ ഉചിതമായ എപിജെനെറ്റിക് നിയന്ത്രണം വഴി സസ്തനികളില്‍ പാര്‍ഥെനോജെനിസിസ് സാധ്യമാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. എലിയുടെ വളര്‍ച്ചയെത്തിയ അണ്ഡത്തില്‍ ബീജം വഴി സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട ഏഴ് മേഖലകളിലെ ജനിതക രേഖകളില്‍ മാറ്റം വരുത്തിയാണ് പരീക്ഷണം നടത്തിയത്. ഇങ്ങനെ മാറ്റിയെടുത്ത അണ്ഡം പെണ്‍ എലികളില്‍ നിക്ഷേപിച്ചു.
തുടര്‍ന്ന്, സ്വാഭാവിക ഗര്‍ഭാവസ്ഥകളിലൂടെ ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പുരുഷ ബീജങ്ങളുടെ ഇടപെടലില്ലാതെ കൃത്രിമമായി അണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഭ്രൂണമാക്കി വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഇതോടെ തെളിഞ്ഞു’. ശാസ്ത്രഞ്ജരുടെ ഈ വാക്കുകള്‍ ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.