പത്തനാപുരം: എംജി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ മരിച്ച നിലയിൽ. പത്തനാപുരം നടുക്കുന്ന് തമീം മൻസിൽ ഡോ. ഇബ്നു സെയ്ദുവിനെയാണ് വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമപവാസികൾ നടത്തിയ തെരച്ചിലാണ് ജീർണ്ണിച്ച് കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഹൃദയാഘാതമാകാം മരണകാരണമെന്ന് അനുമാനിക്കുന്നു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. നിരവധി യുഎസ് പേറ്റൻസുകളും ഇന്ത്യൻ പേറ്റന്റുകളും ലഭിച്ച ഇബ്നു സെയ്ദു സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് കൂടുതൻ അറിവുകൾക്കായി വീട്ടിൽ മ്യൂസിയം നിർമ്മിച്ചുവരികയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് മ്യൂസിയം നിർമ്മാണം പൂർത്തികരിച്ചുവരുന്നതിനിടെയാണ് അകാല മരണം. പ്രശസ്ത നോവലിസ്റ്റും കവിയുമായ വൈക്കം ചന്ദ്രശേഖരന്റെ മകൾ പ്രൊഫ: പ്രിയയാണ് ഭാര്യ. ശാസ്ത്രപഠന വിദ്യാർഥി സത്യജിത്ത് ഇബ്നു സെയ്ദു ഏക മകനാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. പത്തനാപുരം പോലീസ് കേസെടുത്തു.