എം.ജി സര്‍വകലാശാല കൈക്കൂലി കേസ്; എം.ബി.എ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തല്‍

കോട്ടയം: എംജി സര്‍വകലാശാല കൈക്കൂലി കേസില്‍ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തല്‍. പി ഹരികൃഷ്ണന്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എല്‍സി മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും അവര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

സിജെ എല്‍സി കൈക്കൂലി പണം ഒമ്പതു പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചു. സെക്ഷന്‍ ഓഫീസര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സമിതി പറയുന്നു. ജനുവരി 28നാണ് എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.

പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയാണ് പരാതിയിലായിരുന്നു നടപടി വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. ഇവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആദ്യം എല്‍സി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി പണം നല്‍കി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. എല്‍സിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടില്‍ തന്നെയാണ് പണം വാങ്ങിയത്.

പിന്നീട് ഡിഗ്രി പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ഥിനി അപേക്ഷ നല്‍കി. അവ ഉടനെ നല്‍കുന്നതിന് 15000 രൂപ എല്‍സി ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി.വിനോദ് കുമാറിന് പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ 15000 രൂപ എല്‍സിക്കു വിദ്യാര്‍ഥിനി കൊടുത്തു. പണം കൈപ്പറ്റിയെ എല്‍സിയെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവര്‍ത്തകയാണ് എല്‍സി. എല്‍സിയെ എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News