തിരുവനന്തപുരം:‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയിൽ നിന്ന് മെട്രോമാൻ ഇ. ശ്രീധരനെ നീക്കി. തെരഞ്ഞെടുപ്പു കമ്മിഷന്റേതാണ് നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളിൽനിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നീക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ്. ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്. ഇ. ശ്രീധരൻ ഇപ്പോൾ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണു തീരുമാനമെന്നും കമ്മിഷൻ വ്യക്തമാക്കി.
ബി.ജെ.പിയിൽ ചേർന്ന ഇ . ശ്രീധരൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
നേരത്തെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ.ശ്രീധരന്‍ സ്വയം അവരോധിതനായിരുന്നു. പിന്നീട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.എന്നാല്‍ കാര്യമായ കൂടിയാലോചനയില്ലാതെയാണ് നടപടിയെന്ന് വിമര്‍ശനമുയര്‍ന്നതോടെ മാധ്യമങ്ങളെ പഴിച്ച് സുരേന്ദ്രന്‍ തീരുമാനം പിന്‍വലിയ്ക്കുകയായിരുന്നു.
ലോക സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞു കൊണ്ടാണ് ഇ ശ്രീധരൻ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് ഇ ശ്രീധരനെ സ്വീകരിച്ചത്. അമിത് ഷായെ പൊന്നാട അണിയിക്കാൻ നിയോഗിച്ചിരുന്നത് ശ്രീധരനെ ആയിരുന്നു. എന്നാൽ ആ പൊന്നാട തിരികെ ശ്രീധരനെ അണിയിക്കുകയാണ് അമിത് ഷാ ചെയ്തത്.
കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സാമൂഹിക പരിഷ്കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാൽ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോൾ സോളാർ ആണെങ്കിൽ എൽഡിഎഫ് വരുമ്പോൾ ഡോളർ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
നാട്ടിൽ മാറ്റമുണ്ടാക്കു എന്ന ലക്ഷത്തോടെയുള്ള യാത്രയാണ് ഇന്ന് സമാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വയം പര്യാപ്ത കേരളത്തിനായുള്ള തുടക്കം കുറിച്ചു. ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന കേരളം എൽ ഡി എഫും യു ഡി എഫും ദുരിതാവസ്ഥയിലാക്കി. എൽഡിഎഫ് യൂഡിഎഫും തമ്മിൽ അഴിമതിയ്ക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നു. ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.