തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി പ്രമുഖര്‍ രംഗത്ത്. ബി.ജെ.പി അവഗണനയില്‍ അതൃപ്തി അറിയിച്ച് മെട്രോമാന്‍ ഇ. ശ്രീധരനും മുന്‍ ഡി.ജി.പി ജേക്കബ് തോമസും രംഗത്ത് വന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.
അതേസമയം, തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സംഘടനാ തലത്തില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ് ബി.ജെ.പി. ദേശീയ നേതൃത്വം. നാല് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങുകയാണ് ബിജെപി. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാന്‍ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്ത് നേതൃമാറ്റം ഉടന്‍ വേണ്ടെന്നാണ് കോര്‍ കമ്മിറ്റി തീരുമാനം.
അഭിപ്രായ വ്യതാസം നടന്ന തൃശ്ശൂരിലും നേതൃമാറ്റത്തിന് സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ അശോകന്‍ കുളനടയ്ക്ക് ഒരു അവസരം കൂടി നല്‍കും. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സ്ഥാനം ഒഴിയില്ല. മേഖലാ സംഘടന സെക്രട്ടറിമാരെ മാറ്റുന്നതില്‍ തീരുമാനം ആര്‍എസ്എസിന്റേതാണ്.
ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ വി മുരളീധരനെതിരെ വിമര്‍ശനവുമായി ബിജെപി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നു. മുരളീധരന്‍ കേരള രാഷ്ട്രീയത്തില്‍ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ചയായി. കെ സുരേന്ദ്രന്റെ 35 സീറ്റ് പരാമര്‍ശം തിരിച്ചടിച്ചു. സുരേന്ദ്രന്‍ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.
വി മുരളീധരന്‍ അമിതമായി, അനാവശ്യമായി കേരള രാഷ്ട്രീയത്തില്‍ ഇടപെടുന്നു. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പൂര്‍ണ പരാജയമാണ്. അടിമുടി മാറ്റം വേണം. പഞ്ചായത്ത് തലം മുതല്‍ യാതൊരു പ്രവര്‍ത്തനവുമില്ല. മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തണം. അവരെ കൃത്യമായ രീതിയി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ബാലശങ്കറിന്റെയും ശോഭാ സുരേന്ദ്രന്റെയും ഓ രാജഗോപാലിന്റെയും പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിച്ചതും തിരിച്ചടിയായി. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.