അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നാവികസേന എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചിൽ നടക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുമെന്ന് നാവികസേന അറിയിച്ചു.
പുഴയിൽനിന്ന് നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ച നദിയിൽനിന്ന് ലോറിയുടെ ജാക്കി ലിവർ ഈശ്വർ മാൽപേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്നൽ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ കിട്ടിയത്. ഇത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ജൂലായ് 16-നാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. 28-ന് തിരച്ചിൽ അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ചൊവ്വാഴ്ച ദൗത്യം പുനരാരംഭിച്ചത്.