‘സ്വവര്‍ഗാനുരാഗി എന്ന് വിളിച്ചതിൽ ഖേദിക്കുന്നു’; മുൻ ഭർത്താവിനെതിരായ ആരോപണങ്ങളിൽ മാപ്പുപറഞ്ഞ് സുചിത്ര
ചെന്നൈ:നടനും മുൻ ഭർത്താവുമായ കാർത്തിക് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാർത്തിക് ഗേ ആണെന്നുൾപ്പടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ കാർത്തിക് കുമാർ വക്കീൽ നോട്ടീസ് അയച്ചതോടെയാണ് യൂട്യൂബ് വീഡിയോയിലൂടെ മാപ്പപേക്ഷയുമായി ഗായിക എത്തിയിരിക്കുന്നത്. ഇ-മെയിൽ മുഖേന കാർത്തിക്കിന് മാപ്പപേക്ഷ അയക്കുമെന്നും ഇവർ വെളിപ്പെടുത്തി.
തനിക്ക് പോലീസിൽ നിന്ന് നിരന്തരം കോളുകൾ വരുന്നുവെന്നും സുചിത്ര പറയുന്നു. കാർത്തിക്കിനെ ഗേ എന്ന് വിളിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിൻ്റെ കരിയർ നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. തൻ്റെ മാപ്പപേക്ഷയിലൂടെ കാർത്തിക്കിന് കൂടുതൽ ചിത്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായിക ചൂണ്ടിക്കാട്ടി.
നിരന്തര ആരോപണങ്ങളിലൂടെ കാർത്തിക്കിൻ്റെ കരിയർ തകർക്കാൻ സുചിത്ര ശ്രമിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. കാർത്തിക്കിൻ്റെ ചിത്രങ്ങളെ വിമർശിക്കുന്നത് തുടരുമെന്നും സുചിത്ര കൂട്ടിച്ചേർത്തു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധ നേടിയ സുചിത്ര 2017-ൽ തമിഴ് സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.
സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുൻ ഭർത്താവ് കാർത്തിക് കുമാർ രംഗത്ത് വന്നുവെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളിൽ വന്നു. ഈ സംഭവത്തിന് പിറകിൽ നടൻ ധനുഷും കാർത്തികുമാണെന്ന് സുചിത്ര പറഞ്ഞിരുന്നു. മുൻഭർത്താവ് തന്നെ ബലിയാടാക്കിയെന്നും ഇവർ ആരോപിച്ചു. കാർത്തിക് ഗേയാണെന്നാണും വിവാഹമോചനത്തിന് അതും കാരണമായിട്ടുണ്ടെന്നുമായിരുന്നു സുചിത്രയുടെ വാദം.
”ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാൾക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വർഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാൾക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ചേർന്ന് ഇടയ്ക്കിടെ ഹോട്ടൽ റൂമിൽ താമസിക്കും. ഒരു ദിവസം ഐ പാഡിൽ ഫോട്ടോ കണ്ടു. അയാൾ നൂറ് ശതമാനവും ഗേയാണ്.
ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചു. സത്യം കണ്ടുപിടിച്ചപ്പോൾ വഴക്കായി. കാർത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാർത്തിക് രണ്ടാമത് വിവാഹം ചെയ്ത പെൺകുട്ടിയ്ക്ക് എന്നോട് കാര്യങ്ങൾ ചോദിക്കാമായിരുന്നു. എന്നാൽ അബദ്ധം പറ്റുമായിരുന്നില്ല.
കാർത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല. നിയമ വ്യവസ്ഥയ്‌ക്കോ എന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ എന്നെ സഹായിക്കാൻ പറ്റുന്നില്ല. പക്ഷേ ദൈവം എനിക്കായി കണക്ക് ചോദിക്കുന്നു. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു. അത്രയും ഞാൻ കരഞ്ഞിട്ടുണ്ട്”- സുചിത്രയുടെ വാക്കുകൾ.
സുചിത്രയ്ക്ക് മറുപടിയുമായി കാർത്തിക് ആ സമയത്ത് തന്നെ രംഗത്ത് വന്നിരുന്നു. താൻ ഗേയല്ലെന്നും അഥവാ ആണെങ്കിൽ നാണിക്കേണ്ടതുണ്ടോയെന്നും കാർത്തിക് ചോദിച്ചു. ഗേയാണെങ്കിൽ അഭിമാനിക്കുമായിരുന്നുവെന്നും കാർത്തിക് സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.