പാരീസ്: ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ കളിക്കും.ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ബിബിസിയുടെ സ്പോർട് കോളമിസ്റ്റും സ്പാനിഷ് ജേർണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
2024 വരെ രണ്ടു വർഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പി.എസ്.ജിയോ മെസ്സിയോ സ്ഥിരീകരിച്ചിട്ടില്ല.ബാഴ്സയ്ക്കായി 778 മത്സരങ്ങൾ കളിച്ച മെസ്സി 672 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 35 ട്രോഫികളാണ് താരം ബാഴ്സയ്ക്കൊപ്പം സ്വന്തമാക്കിയത്.
വൈകാതെ മെസ്സി മെഡിക്കൽ പരിശോധനകൾക്കും മറ്റുമായി പാരീസിലെത്തിയേക്കും. മെസ്സി വിമാനമിറങ്ങുന്നത് കാണാൻ പാരീസിലെ ലെ ബൊർഗെറ്റ് വിമാനത്താവളത്തിന് പുറത്ത് ആരാധകർ കാത്തിരിക്കുകയാണ്.എണ്ണപ്പണത്തിന്റെ കിലുക്കവുമായി ഖത്തർ ഉടമകളായ ക്യു.എസ്.ഐ പി.എസ്.ജിയെ ഏറ്റെടുത്ത ശേഷം ക്ലബ്ബിലേക്ക് വരുന്ന ഏറ്റവും വലിയ താരമാകും മെസ്സി. ഇതോടെ മെസ്സി-എംബാപ്പെ-നെയ്മർ ത്രയം ലോകമെമ്പാടുമുള്ള പ്രതിരോധ നിരകൾക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.