ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന് മുന്നോടിയായുള്ള പരിപാടിക്കിടെ സ്പാനിഷ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുവന്റെയുടെ സംസാരം തടസപ്പെട്ടപ്പോൾ അനിഷ്ടം പ്രകടിപ്പിച്ച് ലയണൽ മെസ്സി. സ്‌പെയ്‌നും അർജന്റീനയും തമ്മിലുള്ള ഫൈനലിന് മുമ്പേയുള്ള ഫിഫയുടെ താരസംഗമത്തിലാണ് ഡെ ലാ ഫ്യുയന്റെയുടെ സംസാരം കാണികളുടെ ബഹളം കാരണം തടസപ്പെട്ടത്. അവതാരകന്റെ ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുന്നതിനിടെയായിരുന്നു ഇത്.
മെസ്സി അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം കാണികൾക്കിടയിലേക്ക് നോക്കുന്നുമുണ്ട്. തുടർന്ന് ഡെ ലാ ഫ്യുയന്റെ തന്റെ സംസാരം തുടർന്നു. ‘ചെറുപ്പത്തിൽ മറ്റുള്ളവരെ ബഹുമാനിക്കാനും കേൾക്കാനും ഞാൻ പഠിച്ചിട്ടുണ്ട്. നമ്മൾ എപ്പോഴും കാര്യങ്ങൾ കുറച്ചെങ്കിലും പഠിക്കണം. മത്സരിക്കേണ്ടതുണ്ടെന്ന ലക്ഷ്യം നമ്മളെ ശക്തരാക്കും.’ ഡെ ലാ ഫ്യുയന്റെ വ്യക്തമാക്കി.
അർജന്റീനയ്‌ക്കെതിരായ ഫൈനൽ മികച്ച മത്സരമായിരിക്കുമെന്നും ഇരു ടീമുകളും സമാനമായ ഫുട്‌ബോൾ തത്വശാസ്ത്രം പങ്കുവെയ്ക്കുന്നുവെന്നും പ്രതിഭ, ഗുണമേന്മ, ആക്രമണപരമായ ഫുട്‌ബോൾ എന്നിവയ്ക്ക്് ഊന്നൽ നൽകിയുള്ള മത്സരം കാഴ്ച്ചവെയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രണ്ട് മികച്ച ടീമുകൾ, മികച്ച ഗുണങ്ങളുള്ള രണ്ട് ടീമുകൾ, ഗെയിമിനോടുള്ള അവരുടെ സമീപനത്തിലും കളിക്കാരുടെ പ്രതിഭയിലും ഒരുപാട് സാമ്യങ്ങളുണ്ട്. അതിനാൽ ഇത് ഒരു മികച്ച മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ലോകകപ്പിന്റെ ഫൈനലിൽ എത്തുക എന്നത് തന്നെ വലിയൊരു നേട്ടമാണ്. തുടർച്ചയായി ലോകകപ്പ് ഫൈനലിൽ എത്തിയാൽതന്നെ എനിക്ക് അത് സന്തോഷം നൽകുന്ന നേട്ടമാണ്. കിരീടത്തിനായി പോരാടാനുള്ള അവസരമാണ് ലഭിക്കുക. ആ നിമിഷം ഞങ്ങൾ ആസ്വദിക്കും. അതേസമയം ഞങ്ങളുടെ എതിരാളികളെ നിയന്ത്രണത്തിലുമാക്കും.’-ഡെ ലാ ഫ്യുയന്റെ വ്യക്തമാക്കി.
ലയണൽ മെസ്സിയെ അതുല്യ പ്രതിഭയായും റോൾ മോഡലായും കാണണമെന്നും അതോടൊപ്പം ലമിൻ യമാലിനെ സ്വതന്ത്രമായി വളരാൻ അനുവദിക്കണമെന്നും ഡെ ലാ ഫ്യുയന്റെ കൂട്ടിച്ചേർത്തു. ‘മെസ്സി അതുല്യ പ്രതിഭയാണ്. യുവ കായിക താരങ്ങൾക്ക് മാതൃകയാണ്. എന്നാൽ ലമിൻ ലമിനായിരിക്കണം. അവനെ സ്വതന്ത്രമായി വളരാൻ അനുവദിക്കുക. അവന്റെ വ്യക്തിത്വം നിലനിർത്താൻ സഹായിക്കുകയാണ് ലമിനെ പിന്തുണയ്ക്കാൻ ഏറ്റവും നല്ല മാർഗം.’- അദ്ദേഹം കൂട്ടിച്ചേർത്തു.


