FootballSportsTop Stories

ഗോൾഡൻ ബൂട്ടുമായി മെസ്സിയും റൊണാൾഡോയും ; കേമനാരെന്ന് സാമൂഹികമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ

ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? കുറേ കാലങ്ങളായി ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടേറിയ ചർച്ചകൾ ഇരുവരെയും ചുറ്റിപ്പറ്റിയാണ്. രണ്ട് വൻകരകളിലെ മൈതാനയുദ്ധങ്ങൾ- കോപ്പ അമേരിക്കയും യൂറോ കപ്പും അവസാനിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ ഏറ്റുമുട്ടുകയാണ്. കോപ്പയിൽ കപ്പടിച്ച്, ഒപ്പം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി താൻ തന്നെയാണ് ഫുട്ബാളിന്‍റെ മിശിഹാ എന്ന് മെസ്സി ഒരിക്കൽ കൂടി തെളിയിച്ചു. യൂറോ കപ്പ് അവസാനിച്ചപ്പോൾ പോർച്ചുഗലിന് കിരീടം നേടാനായില്ലെങ്കിലും, ഗോൾഡൻ ബൂട്ടണിഞ്ഞ് താനും ഒട്ടും പിറകിൽ അല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ഫൈനലിൽ മെസ്സിയോട് ഏറ്റുമുട്ടിയത് ബ്രസീലിന്‍റെ പുതി തലമുറയിലെ മികച്ച കളിക്കാരനായ നെയ്മർ ജൂനിയർ ആണെങ്കിലും റൊണാൾഡോയെ ആണ് മെസ്സിക്കൊത്ത എതിരാളിയെന്ന് ഫുട്ബാൾ പ്രേമികൾ വാഴ്ത്തുന്നത്.

കോപ്പ അമേരിക്ക കിരീടം അർജന്‍റീന സ്വന്തമാക്കിയപ്പോൾ 1993ന് ശേഷം അവരുടെ കിരീട വരൾച്ചക്ക്
കൂടിയാണ് അറുതിയായത്. മാരക്കാനയിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് ,മെസ്സി രാജ്യത്തിന്
വേണ്ടി ആദ്യ കിരീടം ഏറ്റുവാങ്ങി. ക്ലബ് ഫുട്ബാളിനപ്പുറം രാജ്യത്തിന് വേണ്ടി എന്ത് ചെയ്തെന്ന വിമർശകരുടെ
ചോദ്യങ്ങൾക്ക് അതാണ് മറുപടി. ഒരു കുഞ്ഞിനെപ്പോലെ ആ കപ്പും കെട്ടിപ്പിടിച്ച് ഫുട്ബാൾ മിശിഹ കണ്ണീർ വാർത്തു.ഒപ്പം മെസി ആരാധകർ മാത്രമല്ല, ഓരോ ഫുട്ബോൾ പ്രേമിയും ആർത്തുവിളിച്ചു.മെസി,നിങ്ങളല്ലാതെ
മറ്റാര്?

ബാഴ്‍സലോണയ്ക്ക് വേണ്ടി മാത്രമാണ് മെസ്സി ഇതുവരെ കളിച്ചത്. ക്ലബിനുവേണ്ടിയുള്ള മെസ്സിയുടെ നേട്ടങ്ങൾ
എണ്ണമറ്റതുമാണ്. ബാഴ്സക്കുവേണ്ടി നാല് ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ 34 കിരീടങ്ങളാണ് അദ്ദേഹം നേടിയത്. അപ്പോഴും നീല ജഴ്സിയിൽ ഒരു കിരീടം അന്യമായി. ഒടുവിൽ തന്‍റെ ആറാം കോപ്പ അമേരിക്കയിലാണ് ആ സ്വപ്നം പൂവണിഞ്ഞത്. ഫൈനലിൽ ഗോൾ നേടാനുള്ള മികച്ചൊരു അവസരം കളഞ്ഞെങ്കിലും,പരിക്കിനെ വകവെയ്ക്കാതെ ടീമിന് ആവേശമായി അദ്ദേഹം നിറഞ്ഞു കളിച്ചു. ഏഴ് മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയാണ് മെസ്സി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ചിലെ, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെ ഫ്രീകിക്കിൽനിന്ന് ഗോൾ നേടിയ മെസ്സി, ബൊളീവിയയ്‌ക്കെതിരെ ഇരട്ടഗോളും സ്വന്തമാക്കി.കൊളംബിയൻ
താരം ലൂയിസ് ഡയസിനും നാല് ഗോളുണ്ടായിരുന്നു. പക്ഷേ നിർണായകമായ അഞ്ച് അസിസ്റ്റുകൾ. അതിന്‍റെ പിൻബലത്തിലാണ് മെസ്സിക്ക് ഗോൾഡൻ ബൂട്ട് നേടാനായത്.ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിക്കാണ്.

ഇങ്ങ് യൂറോപ്പിൽ പോർച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും തുടക്കം മുതൽ ശുഭകരമായിരുന്നില്ല കാര്യങ്ങൾ.ഫ്രാൻസ്, ജർമനി തുടങ്ങിയ വമ്പൻമാർക്കൊപ്പം മരണ ഗ്രൂപ്പിൽ തുടങ്ങി, നോക്കൗട്ടിൽ ബൽജിയത്തിനോട് ഒരു ഗോളിന് തോറ്റ് മടങ്ങാനായിരുന്നു വിധി. ഇംഗ്ലണ്ടിനെ വീഴ്ത്തി ജേതാക്കളായത് ഇറ്റലി. പക്ഷേ കളിച്ച നാല് മത്സരങ്ങൾ മതിയായിരുന്നു റൊണാൾഡോയ്ക്ക് താൻ ആരെന്ന് തെളിയിക്കാൻ. അഞ്ച് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ ഗോൾഡൻ ബൂട്ട്. ഹംഗറിക്കും ഫ്രാൻസിനുമെതിരെ ഇരട്ടഗോൾ നേടിയ റൊണാൾഡോ, ജർമനിക്കെതിരെയും ഒരു ഗോൾ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കിനും അഞ്ച് ഗോളുകളുണ്ടായിരുന്നെങ്കിലും, ഒരു അസിസ്റ്റ് കൂടിയുള്ളതാണ് റൊണാൾഡോയെ തുണച്ചത്. 14 ഗോളുകളുമായി യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായും മാറി. രണ്ടാം സ്ഥാനത്തുള്ള മുൻ യുവേഫാ തലവൻ , ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനിക്ക് ഒൻപത് ഗോളുകൾ മാത്രമേ ഉള്ളു എന്നറിയുമ്പോഴാണ് റൊണാൾഡോയുടെ മികവിന് കയ്യടിക്കേണ്ടത്.

രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 179 കളികളില്‍ നിന്ന് 109 ഗോളുകളാണ് പോര്‍ച്ചുഗലിനായി അദ്ദേഹം നേടിയത്. എന്നാല്‍, മെസി അര്‍ജന്റീനയ്ക്കായി 149 കളികളില്‍ നിന്ന് 76 ഗോളുകളാണ് അടിച്ചത്.റൊണാള്‍ഡോയേക്കാള്‍ മുപ്പത് കളികള്‍ കുറവ് കളിച്ചിട്ടും അര്‍ജന്റീനയ്ക്കായി 46 അസിസ്റ്റുകള്‍ മെസിയുടേതായുണ്ട്. എന്നാല്‍, റൊണാള്‍ഡോയുടെ പേരിലുള്ളത് 32 എണ്ണം മാത്രം. ഗോള്‍ ശരാശരി എടുത്താല്‍ ഒരു മത്സരത്തില്‍ മെസിയുടേത് 0.82 ശതമാനമാണ്. റൊണാള്‍ഡോയുടേത് 0.79 ശതമാനവും. രാജ്യാന്തര തലത്തില്‍ കളിച്ചിട്ടുള്ള എതിര്‍ ടീമുകളുടെ
ഫിഫ റാങ്കിങ് ശരാശരി കണക്കാക്കിയാലും മെസിക്ക് ആണ് മുൻതൂക്കം. മെസിയുടെ കാര്യത്തില്‍ എതിര്‍ ടീമുകളുടെ ഫിഫ റാങ്കിങ് ശരാശരി 36 ആണ്. എന്നാല്‍, റൊണാള്‍ഡോയുടേത് ശരാശരി 51 ആകും. അതായത് താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരെയാണ് റൊണാള്‍ഡോ കൂടുതല്‍ ഗോളുകള്‍ നേടിയിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.

ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക അങ്ങനെ വമ്പൻ ടൂർണമെന്‍റുകളുടെ കണക്ക് നോക്കിയാൽ റൊണാള്‍ഡോ 21 ഗോളുകള്‍ നേടി.മെസി 19 എണ്ണം. റൊണാള്‍ഡോ 2004 ലാണ് രാജ്യാന്തര തലത്തിലെ ആദ്യ വമ്പന്‍ പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മെസി ഇറങ്ങുന്നത് 2006 ല്‍ . ഈ മത്സരങ്ങളിൽ അസിസ്റ്റുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയേക്കാള്‍ വ്യക്തമായ ആധിപത്യം മെസിക്കുണ്ട്. വമ്പന്‍ പോരാട്ടങ്ങളില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം അഞ്ചായി. റൊണാള്‍ഡോ നേടിയിരിക്കുന്നത് ഒരു ഫ്രീ കിക്ക് ഗോള്‍ മാത്രം.
പെനാല്‍റ്റിയില്‍ നിന്ന് റൊണാള്‍ഡോ മൂന്നും മെസി ഒരു ഗോളും ആണ് നേടിയിരിക്കുന്നത്. പോര്‍ച്ചുഗലിന് ഒരു തവണ യൂറോ കപ്പ് നേടിയ റൊണാൾഡോ മുന്നിലായിരുന്നു. അ‍ഞ്ച് വർഷം മുമ്പ് ക്രിസ്റ്റ്യാനോ യൂറോ കിരീടം ഉയർത്തിയ ജൂലൈ 10ന് തന്നെ കോപ്പ അമേരിക്ക കിരീടം നേടി മെസ്സിയും ഒപ്പമെത്തിയിരിക്കുന്നു.

മുൻപൊരിക്കൽ ഇരുവർക്കുമിടയിൽ നിന്ന് മികച്ച താരത്തെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെയും എക്കാലത്തെയും മികച്ച കളിക്കാരായ റൊണാൾഡോയും റൊണാൾഡിഞ്ഞ്യോയും ഒരേ സ്വരത്തിൽ തെരഞ്ഞെടുത്തത് ലയണൽ മെസ്സിയെ. ഏറ്റവും പൂർണതുള്ള താരമെന്നാണ് പെലെ മെസ്സിയെ വാഴ്ത്തിയത്. മെസ്സിയും റൊണാൾഡോയും ലോകോത്തര താരങ്ങൾ ആണെന്നതിൽ ബ്രസീലിന്‍റെ പഴയ പടക്കുതിര റൊണാൾഡോയ്ക്ക് സംശയമില്ല. എന്നാൽ കളിക്കളത്തിൽ
മെസ്സിക്ക് പകരം വയ്കാൻ ആരുമില്ലെന്നും തനിക്കേറെ ഇഷ്ടം മെസ്സിയെ ആണെന്നും റൊണാൾഡോ പറഞ്ഞു. മെസ്സിക്കൊപ്പം കൂടുതൽ കാലം കളിക്കാനാവാത്തതിലെ സങ്കടമാണ് ബാഴ്സയിലെ സഹകളിക്കാരനായിരുന്ന റൊണാൾഡിഞ്ഞ്യോയ്ക്ക് ഉള്ളത്. ക്രിസ്റ്റ്യാനോയെക്കാൾ ഒരുപടി കൂടുതൽ ഇഷ്ടം മെസ്സിയുടെ ശൈലിയാണെന്നും റൊണാൾഡിഞ്ഞ്യോ പറഞ്ഞു വച്ചു.മുൻ ഇംഗ്ലണ്ട് നായകൻ ഡേവിഡ് ബെക്കാമിനും മറിച്ചൊരു ഉത്തരമില്ല.

ഇതുവരെ ലോകത്തെ മികച്ച കളിക്കാരനുള്ള ബാലൻ ദി ഓർ പുരസ്കാരം അഞ്ച് തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. കഴിഞ്ഞ തവണ അത് മറി കടന്ന മെസ്സി ആറെണ്ണത്തിലെത്തി നിൽക്കുന്നു. ഇത്തവണ അത് ഏഴാകുമെന്ന് നിരീക്ഷകരും മുൻ താരങ്ങളും പ്രവചിച്ചു കഴിഞ്ഞു. എന്നാൽ ആറാം ബാലൻ ദി ഓർ നേടി റൊണാൾഡോ മെസ്സിക്കൊപ്പം എത്തുമെന്ന് റൊണാൾഡോ ആരാധകരും പ്രതീക്ഷിക്കുന്നു. ഇനി കാത്തിരിപ്പ് അടുത്ത ലോകകപ്പിനായി.വിരമിക്കും മുമ്പേ, മറഡോണയുടെ സ്വന്തം മെസ്സി അർജന്റീനക്ക് വേണ്ടി ലോക കിരീടം കൂടി ചൂടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. റൊണാൾഡോ ഉണ്ടെങ്കിൽ പോർച്ചുഗലിനും വാനോളം പ്രതീക്ഷിക്കാമെന്ന് മറുപക്ഷം. എന്തായാലും കാൽപന്തിന് പിന്നാലെ ലോകം ഓടുമ്പോൾ പെലെ,മറഡോണ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം മെസ്സിയും റൊണാൾഡോയും ഫുട്ബോൾ ലോകത്തെ മിശിഹാ തന്നെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker