കോഴിക്കോട്: അടുത്തമാസം ഒന്‍പതു മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാപാരികള്‍ക്കെതിരെ കേസെടുത്താല്‍ പ്രസിഡന്റ് മരണം വരെ നിരാഹാരമിരിക്കുമെന്നും സമിതി അറിയിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയന്‍മെന്റ് സോണുകള്‍ അംഗീകരിക്കുമെന്നും വ്യാപാരിവ്യവസായികള്‍ പറഞ്ഞു.
നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല.
ആഗസ്ത് 2 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും. ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും. ഒന്‍പതാം തീയതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീന്‍ പ്രഖ്യാപിച്ചു.