കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും പോലീസ് ബലപ്രയോഗം നടത്തിയാല്‍ നേരിടുമെന്നുമാണ് സമിതിയുടെ തീരുമാനം.
വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. വ്യാപാരികളുടേത് ധര്‍മസമരമാണ്. മുഖ്യമന്ത്രി വ്യാപാരികളെ വെല്ലുവിളിച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍ പറഞ്ഞു.
അതേസമയം വ്യാപാരികള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ തുറന്നടിച്ചു. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പോലീസ് കടയടപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. കച്ചവടക്കാരോട് യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.