ജയ്‌സ്വാളും വീണു; മെൽബണിൽ ഇന്ത്യ തോൽവിയിലേക്ക്

മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലയ്ക്കായി ഇന്ത്യന്‍ പോരാട്ടം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയത്തിന്റെ വക്കിലാണ്. നിലവില്‍ ഏഴിന് 148 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപുമാണ് ക്രീസില്‍.

അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ അവസാന സെഷനില്‍ നാലു വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് പരിതാപകരമായ സ്ഥിതിയിലാകുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെ.എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.

88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ ക്ഷമയോടെ നേരിട്ട് രണ്ട് ബൗണ്ടറികള്‍ മാത്രം നേടി 30 റണ്‍സെടുത്ത പന്ത് പെട്ടെന്ന് പ്രതിരോധ പാഠങ്ങള്‍ മറന്നുപോയി.

പിന്നാലെ അതിവേഗം രവീന്ദ്ര ജഡേജയേയും (2), ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ കാത്ത നിതീഷ് കുമാര്‍ റെഡ്ഡിയേയും (1) പുറത്താക്കി ഓസീസ് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നാലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജയ്‌സ്വാളിനെ വീഴ്ത്തി കമ്മിന്‍സ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.

വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ചിന് വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌നിക്കോ മീറ്ററില്‍ പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയതായി തെളിഞ്ഞില്ല. പക്ഷേ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടിവി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് താരം മടങ്ങിയത്.

നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നേഥന്‍ ലയണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലയണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.

അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലയണ്‍ – ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് നേഥന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.

139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ തന്നെ ബുംറ ഞെട്ടിച്ചു. ഒന്നാം ഇന്നിങ്സില്‍ തിളങ്ങിയ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ എട്ടു റണ്‍സിന് ബുംറ മടക്കി. പിന്നാലെ ഉസ്മാാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 21 റണ്‍സെടുത്ത ഖവാജയെ വീഴ്ത്തി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു.

നിലയുറപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒന്നാം ഇന്നിങ്സിലെ താരം സ്റ്റീവ് സ്മിത്തിനെയും (13) വീഴ്ത്തി സിറാജ് ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നീട് ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2) എന്നിവരെ അതിവേഗം മടക്കിയ ബുംറ ഓസീസ് മധ്യനിര തകര്‍ത്തു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ലബുഷെയ്‌നും കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായി. തുടര്‍ന്ന് അര്‍ധ സെഞ്ചുറിയോടടുക്കുകയായിരുന്ന കമ്മിന്‍സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തുടര്‍ന്നായിരുന്നു ഇന്ത്യയ്ക്ക് തലവേദനയായ ലയണ്‍ – ബോളണ്ട് കൂട്ടുകെട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News