ഇന്‍ഡോര്‍:മദ്ധ്യപ്രദേശ് ഇൻഡോറിലെ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയവരെ പിടികൂടുന്നതിനായി വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ താരം. 24കാരിയായ ശാലിനി ചൗഹാനാണ് വിദ്യാർത്ഥിയുടെ വേഷത്തിലെത്തി റാഗിംഗ് നടത്തിയ പതിനൊന്ന് സീനിയർ വിദ്യാർത്ഥികളെയും മൂന്ന് മാസക്കാലം കോളേജ് ക്യാന്റീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇൻഡോർ എം ജി എം കോളേജിലാണ് സംഭവം.
ആറുമാസം മുൻപ് ലഭിച്ച പരാതിയിൽ അന്വേഷിക്കാനെത്തിയ ശാലിനിയുടെ ആദ്യ അണ്ടർ കവർ ഓപ്പറേഷനായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് ശാലിനി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് ജൂനിയർ വിദ്യാർത്ഥികളാരോ പേരോ വിവരമോ വെളിപ്പെടുത്താതെ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനാണ് ഇൻഡോർ പൊലീസ് വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്.
കോമേഴ്‌സ് ബിരുദധാരിയായ ശാലിനി താൻ പഠിച്ചിട്ടില്ലാത്ത വിഷയങ്ങളായിട്ടുകൂടി വളരെ മികവോടെതന്നെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം കൈകാര്യം ചെയ്തു. സേനയിൽ പുതുമുഖമായ ശാലിനിയെ അണ്ടർകവർ ഓപ്പറേഷൻ നടത്താൻ തിരഞ്ഞെടുത്തത് പ്രായം പരിഗണിച്ചാണെന്ന് ഉന്നതാധികാരികൾ പറയുന്നു.
പൊലീസ് കോളേജിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഭയം കാരണം ജൂനിയർ വിദ്യാർത്ഥികൾ ഒന്നും പറയാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇത്തരത്തിൽ വേഷംമാറി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ശാലിനിയ്‌ക്ക് പുറമേ റിങ്കു, സഞ്ജയ് എന്നീ പൊലീസുദ്യോഗസ്ഥരും അന്വേഷണത്തിനുണ്ടായിരുന്നു. ഇവർ നൽകുന്ന വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ശാലിനി സ്ഥിരീകരിച്ചതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേർന്നത്.
ലൈംഗികാതിക്രമം വരെ മുതിർന്ന വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതികളായ പതിനൊന്ന് വിദ്യാർത്ഥികളും വളരെ മോശമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് ഇവരെ നിരീക്ഷിച്ച് ശാലിനി കണ്ടെത്തി. അതേസമയം, കോളേജിലെ ചില വിദ്യാർത്ഥികൾ ശാലിനിയെ സംശയിച്ചിരുന്നു. എന്നാൽ ഇവരുടെ ചോദ്യങ്ങളിൽ പതറാതെ കൃത്യമായി ഉത്തരം നൽകിയാണ് ശാലിനി ഏവരുടെയും വിശ്വാസം പിടിച്ചുപറ്റിയത്. ശാലിനിയുടെ കഠിനാദ്ധ്വാനവും കഴിവുമാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചതെന്ന് ഉന്നതാധികാരികൾ പറയുന്നു.